മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ ഇക്വറ്റോറിയൽ ഗിനിയിൽ അറസ്റ്റിൽ, അറസ്റ്റിലായവരിൽ വിസ്മയയുടെ സഹോദരൻ വിജിത്തും

By Web TeamFirst Published Nov 5, 2022, 4:31 PM IST
Highlights

സമുദ്രാതിർത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാർ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയൽ ഗിനി പിടികൂടിയത്. വിദേശകാര്യ മന്ത്രാലയം ഇടപെടുന്നില്ലെന്ന് വിജിത്ത് 

ദില്ലി: സമുദ്രാർതിർത്തി ലംഘിച്ചതിന് 3 മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ ആഫ്രിക്കൻ രാജ്യമായ എക്വറ്റോറിയൽ ഗിനിയിൽ അറസ്റ്റിൽ. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. സമുദ്രാതിർത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാർ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയൽ ഗിനി പിടികൂടുകയായിരുന്നു. നൈജീരിയയുടെ നിർദേശപ്രകാരമായിരുന്നു അറസ്റ്റെന്ന് വിജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓഗസ്റ്റ് 12 മുതൽ ഇക്വറ്റോറിയൽ ഗിനിയിലെ നേവിയുടെ തടവിലാണ് വിജിത്ത് ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ. വിജിത്തിന് പുറമെ സനു ജോസ്, മിൽട്ടണ് എന്നിവരാണ് കപ്പിലിലെ മറ്റ് മലയാളികൾ. ജീവനക്കാരിലെ ചിലരുടെ ആരോഗ്യ സ്ഥിതിയും മോശമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം

ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പൽ. തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയൽ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. രാജ്യാതിർത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളർ പിഴയും ചുമത്തി. ഈ തുക അടച്ചെങ്കിലും ഇതിനു പിന്നാലെ തങ്ങളെ നൈജീരിയൻ നേവിക്ക് കൈമാറാൻ നീക്കം നടക്കുന്നതായി തടവിലാക്കപ്പെട്ടവർ ആരോപിച്ചു. നൈജീരിയയ്ക്ക് കൈമാറിയാൽ എന്തു സംഭവിക്കുമെന്നതിൽ ആശങ്കയുണ്ടെന്നും വിജിത്ത് പറഞ്ഞു. രാജ്യാന്തര നിയമങ്ങൾ ലംഘിച്ചാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും കപ്പൽ കസ്റ്റഡിയിലെടുത്തതെന്നും തടവിലാക്കപ്പെട്ടവർ ആരോപിച്ചു. മലയാളികൾ ഉൾപ്പെടെയുള്ളവർ തടവിലായിട്ട് 4 മാസമായെങ്കിലും സംഭവത്തിൽ ഇതുവരെ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടില്ല. ഇക്വറ്റോറിയൽ ഗിനിയുടെ തലസ്ഥാനമായ മാലോബോയിലാണ് സംഘം ഇപ്പോഴുള്ളത്. 

 

click me!