
ഇടുക്കി: അറക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ബാബുരാജിന്‍റെ ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങള്‍ നിഷേധിച്ച് സി പി എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം കെ എല്‍ ജോസഫ്. ആത്മഹത്യാ കുറുപ്പിൽ തന്‍റെ പേരുണ്ടെന്നത് അടിസ്ഥാനരഹിതമാണ്. ബാബുരാജിനെ പഞ്ചായത്തില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ജോസഫിന്‍റെ വിശദീകരണം.
കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനില്‍ക്കാത്തിതനാല്‍ നാലാം വാര്‍ഡ് മെമ്പറും മേലുദ്യോഗസ്ഥരും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അതിനാല്‍ ജിവനൊടുക്കുന്നു എന്നുമായിരുന്നു ബാബുരാജിന്‍റെ അത്മഹത്യാ കുറിപ്പ്. എന്നാല്‍ ബോര്‍ഡ് യോഗത്തില്‍ അത്തരത്തില്‍ കാര്യങ്ങള്‍ സംഭവിച്ചിട്ടില്ലെന്നാണ് സി പി എം ജില്ലാ കമ്മിറ്റിയംഗം കൂടിയായ നാലാം വാര്‍ഡ് മെമ്പര്‍ കെ എല്‍ ജോസഫിന്‍റെ പ്രതികരണം.
ബാബുരാജിന്‍റെ മരണത്തെകുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് അറക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ എസ് വിനോദ് ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ സംഘടനകള്‍ പരസ്യപ്രതിക്ഷേധത്തിന് തയ്യാറെടുക്കുകയാണ്. തിങ്കളാഴ്‍ച്ച എഞ്ചിനിയേഴ്സ് അസോസിയേഷന്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ജില്ലാ കമ്മിറ്റികള്‍ അറക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിക്ഷേധ ധര്‍ണ്ണ നടത്തും.
പഞ്ചായത്തിലെ കൈക്കൂലിയും അഴിമതിയും ചോദ്യം ചെയ്തതിന് നിരന്തരം പിഡനത്തിനിരയായെന്ന ബാബുരാജിന്‍റെ ആത്മഹത്യാ കുറിപ്പ് പൊലീസ് ബന്ധുക്കളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നതായി ഭാര്യയും സഹോദരങ്ങളും മൊഴി നല്‍കിയിട്ടുമുണ്ട്. പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സഹോദരങ്ങളുടെ നീക്കം. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളില്‍ നിന്നും കൈക്കുലി വാങ്ങിയതടക്കം മെന്പര്‍മാരില്‍ ചിലരുടെ അഴിമതി ബാബു രാജ് ചോദ്യം ചെയ്തിരുന്നുവെന്ന് പഞ്ചായത്തംഗങ്ങളും സമ്മതിക്കുന്നു. അന്വേഷണ സംഘം അറക്കുളം പഞ്ചായത്തിലുമെത്തി വരും ദിവസങ്ങളില്‍ മൊഴിയെടുക്കും.