
തിരുവനന്തപുരം: മലയിൻകീഴിൽ ഡിവൈഎഫ്ഐ നേതാവും സംഘവും ബലാത്സംഗം ചെയ്ത പതിനാറുകാരി കേരളം വിടുന്നു. അമ്മൂമ്മയുടെ നാടായ പോണ്ടിച്ചേരിയിലേക്ക് പോകാനാണ് തീരുമാനം. അറസ്റ്റിലായ ഡിവൈഎഫ്ഐ വിളവൂര്‍ക്കൽ പ്രസിഡന്‍റ് ജിനേഷ് ജയന്‍റെ ലഹരി ഇടപാടുകളെക്കുറിച്ച് വിവരം കിട്ടിയെങ്കിലും കൃത്യമായ തെളിവില്ലാത്തതിനാൽ കേസെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം
കഞ്ചാവ് ബോയ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ ഫോൺ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് ഏഴുപേരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. ആളില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു എട്ട് അംഗ സംഘത്തിന്‍റെ രണ്ട് വര്‍ഷത്തോളമായുള്ള പീഡനം. പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ജിനേഷ് മൊബൈലിലും പകര്‍ത്തി.
ചൈൽഡ് വെൽഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള പെൺകുട്ടിയെ തിങ്കാളാഴ്ച കുടുംബത്തിന് കൈമാറും. മാനസിക സമ്മര്‍ദ്ദംകാരണം അമ്മൂമ്മയുടെ വീടായ പോണ്ടിച്ചേരിയിലേക്ക് മാറ്റാനാണ് തീരുമാനം. ജിനേഷ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയെങ്കിലും ലഹരി ഉത്പന്നങ്ങൾ കണ്ടെത്താത്തതിനാൽ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് വിശദീകരണം. ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു ജിനേഷ്
വിവാഹിതരായ നിരവധി സ്ത്രികൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും ജിനേഷിന്‍റെ മൊബൈലിലുണ്ട്. ആര്‍ക്കും പരാതിയില്ലാത്തതിനാൽ അതിനും കേസില്ല. മാരകായുധങ്ങളുടെ ഫോട്ടോയും മൊബൈലിലുണ്ട്. ബര്‍ത്ത് ഡേ കേക്ക് ജിനേഷ് മാരകായുധം കൊണ്ട് മുറിക്കുന്ന ഫോട്ടോയും പുറത്തുവന്നു. വധശ്രമക്കേസിലെ പ്രതിയാണ് ഡബിൾ എംഎയുള്ള ജിനേഷ്. റൂറൽ എസ്പിയുടെ നിര്‍ദ്ദേശാനുസരണം അന്വേഷണസംഘം വിപുലീകരിച്ച് തുടരന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam