രണ്ടാം ദിനം 7891 ആരോഗ്യപ്രവ‍ര്‍ത്തകര്‍ കൂടി വാക്സിൻ സ്വീകരിച്ചു, ഇതുവരെ വാക്സിൻ നൽകിയത് 16,010 പേര്‍ക്ക്

Published : Jan 18, 2021, 08:28 PM IST
രണ്ടാം ദിനം 7891 ആരോഗ്യപ്രവ‍ര്‍ത്തകര്‍ കൂടി വാക്സിൻ സ്വീകരിച്ചു, ഇതുവരെ വാക്സിൻ നൽകിയത് 16,010 പേര്‍ക്ക്

Synopsis

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്ന് (തിങ്കളാഴ്ച) വാക്‌സിനേഷന്‍ കേന്ദ്രം തുടങ്ങി. ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851 പേര്‍ക്കാണ് രണ്ടാം ദിവസം വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം വച്ചവരില്‍ 66.59 ശതമാനം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. 

കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയില്‍ 8 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

രണ്ടാംദിവസവും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (657) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 530, എറണാകുളം 442, ഇടുക്കി 508, കണ്ണൂര്‍ 643, കാസര്‍ഗോഡ് 476, കൊല്ലം 571, കോട്ടയം 500, കോഴിക്കോട് 652, മലപ്പുറം 656, പാലക്കാട് 657, പത്തനംതിട്ട 648, തിരുവനന്തപുരം 527, തൃശൂര്‍ 616, വയനാട് 465 എന്നിങ്ങനെയാണ് രണ്ടാം ദിനം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച 57 പേരും വാക്‌സിനെടുത്തു. ഇതോടെ ആകെ 16,010 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്.

ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ നേരിടാന്‍ അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റും ആംബുലന്‍സ് സേവനവും ഉള്‍പ്പെടെയുള്ളവ സജ്ജമാക്കിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്ന് (തിങ്കളാഴ്ച) വാക്‌സിനേഷന്‍ കേന്ദ്രം തുടങ്ങി. ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്.

വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. റിയാസ് എന്നിവരും എറണാകുളത്ത് ക്യാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരനും രണ്ടാം ദിവസം വാക്‌സിന്‍ എടുത്തു.

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ