പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ സന്ദര്‍ശിച്ചു. മന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്ന് എംവി ജയരാജൻ ആരോപിച്ചു
കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ സന്ദര്‍ശിച്ചു. മന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്ന് എംവി ജയരാജൻ പ്രതികരിച്ചു. മന്ത്രി വീണാ ജോര്‍ജിന്‍റെ കഴുത്തിന്റെ വലതുഭാഗത്താണ് പരിക്കുള്ളത്. കഴുത്ത് അനക്കാൻ ആകുന്നില്ല. മന്ത്രി നിന്നിരുന്നതിന്‍റെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമിച്ചത്. റീത്ത് വെച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും എംവി ജയരാജൻ ആരോപിച്ചു. വീണ ജോര്‍ജിന്‍റെ അടുത്ത ഒരാള്‍ എത്തിയതിന്‍റെ ദൃശ്യവും എംവി ജയരാജൻ പുറത്തുവിട്ടു. കണ്ണൂരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമത്തിലും ജയരാജൻ പ്രതികരിച്ചു. പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നുമായിരുന്നു ജയരാജന്‍റെ പ്രതികരണം. അതേസമയം, ജയരാജൻ പുറത്തുവിട്ട വീഡിയോയില്‍ മന്ത്രിയുടെ അടുത്തുള്ള ആള്‍ ഗണ്‍മാനാണെന്നാണ് സൂചന. മന്ത്രിയെ ഗണ്‍മാൻ സംരക്ഷിക്കുകയായിരുന്നുവെന്നുമാണ് മറ്റു ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.
അതേസമയം, വീണ ജോര്‍ജിനെതിരെ നടന്ന അതിക്രമത്തിൽ സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് റെയില്‍വേ പൊലീസിന്‍റെ തീരുമാനം. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് ഇന്ന് കത്ത് നൽകും. കണ്ണൂരിന്‍റെ ചുമതലയുള്ള കോഴിക്കോട് ഇന്‍സ്പെക്ടറാണ് കത്ത് നല്കുക. ടിവി ചാനലുകള്‍ ചീത്രികരിച്ച ദൃശ്യങ്ങളും ശേഖരിക്കാൻ ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗണ്‍മാന്‍റെ പരാതില്‍ വധശ്രമത്തിനാണ് കേസെടുത്തിക്കുന്നതെന്ന് റെയിൽവെ പൊലീസ് അറിയിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിലാണ്.
ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത കെഎസ്‌യു പ്രവർത്തകരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നിൽ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. മന്ത്രി വീണ ജോർജിന്റെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെകെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്.
വീണാ ജോർജിന്‍റെ കഴുത്തിന് നേരിയ ക്ഷതം
ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ കഴുത്തിന് നേരിയ ക്ഷതം. കഴുത്തിന്‍റെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്. ഇടത് കൈയിലും നേരിയ ക്ഷതം. എംആർഐ സ്കാനിംഗിൽ ഗുരുതര പ്രശ്നം ഇല്ല. എട്ടു മണിയോടെ മെഡിക്കൽ ബോർഡ് ചേരും. പത്തു മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. മന്ത്രി വീണയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കിട്ടിയില്ല. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് വീണാ ജോർജിന് വിദഗ്ധ പരിശോധന നടത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്.


