അതീവ ജാഗ്രതയിൽ സംസ്ഥാനം; കൊവിഡ് രോഗികൾ 181, തിരുവനന്തപുരത്തെ രോഗി അത്യാഹിത വിഭാഗത്തിൽ

By Web TeamFirst Published Mar 30, 2020, 5:45 AM IST
Highlights

തിരുവനന്തപുരത്ത് പോത്തൻകോട് സ്വദേശിയായ 68 കാരനാണ് രോഗബാധ.18ന് ഇയാൾ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഇയാളെ ചികിത്സിച്ച ഡോക്ടർമാരും നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരടെ എണ്ണം 202 ആയി. ഇന്നലെ 21 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിലുള്ളത്. തിരുവനന്തപുരത്തെ രോഗിയുടെ നില ഗുരുതരമായി തുടരുന്നു. ഇപ്പോൾ തീവ്രപരിചരണം വിഭാഗത്തിലാണ്.വിദേശബന്ധമില്ലാത്ത ഇയാൾക്ക് എങ്ങനെയാണ് രോഗം പിടിപ്പെട്ടത് എന്നതിൽ വ്യക്തതയില്ല.

തിരുവനന്തപുരത്ത് പോത്തൻകോട് സ്വദേശിയായ 68 കാരനാണ് രോഗബാധ. 23ന് ശ്വാസ തടസ്സത്തെ തുടർന്നാണ് ഇയാളെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 18ന് ഇയാൾ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഇയാളെ ചികിത്സിച്ച ഡോക്ടർമാരും നിരീക്ഷണത്തിലാണ്. ഇയാൾക്ക് എങ്ങിനെ രോഗബാധ ഉണ്ടായി എന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് പരിശോധിച്ച് വരുകയാണ്. 

കണ്ണൂരിൽ എട്ട് പേർക്കും കാസർക്കോട് ഏഴ് പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഇടുക്കി ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ട്. എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനാ ചുമതലയുണ്ടായിരുന്നയാളാണ്. ഇയാൾക്കൊപ്പം വിമാനത്താവളത്തിൽ പരിശോധന ചുമതലയുണ്ടായിരുന്ന ജീവനക്കാരെ നിരീക്ഷണത്തിലാക്കി. നേരത്തെ കോട്ടയത്ത് ഒരു ആരോഗ്യപ്രവർത്തകയേക്കും രോഗബാധ കണ്ടെത്തിയിരുന്നു. 

ഇടുക്കിയിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട പൊതുപ്രവർത്തകനുമായി ഇടപെട്ട ഒരാൾക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. അതേസമയം, പൊതുപ്രവർത്തകന്റെ ബന്ധുക്കളുടെ ഫലം നെഗറ്റീവാണ്. വിവിധ ജില്ലകളിലായി 1,41,211 പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുളളത്. ഇതിൽ 593 പേരാണ് ആശുപത്രികളിലുളളത്.  

click me!