
തിരുവനന്തപുരം: ഏറെ സങ്കീർണമായതും മുന്നൊരുക്കങ്ങൾ വേണ്ടതുമായ ഹൃദയ വാൽവ് ശസ്ത്രക്രിയ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി എസ്എടി ആശുപത്രിയിൽ നടപ്പിലാക്കിയപ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഗർഭിണിയ്ക്ക് പുതുജീവൻ. വാൽവ് ചുരുങ്ങിയതു മൂലം രക്തയോട്ടം തടസപ്പെട്ട് ഗുരുതരാവസ്ഥയിലാണ് തിരുവനന്തപുരം സ്വദേശിയായ 27 ആഴ്ച പൂർത്തിയായ ഗർഭിണി എസ്എടി ആശുപത്രിയിലെത്തിയത്.
സാധാരണ നിലയിലുള്ള നാലു മുതൽ ആറു സെന്‍റീമീറ്റർ സ്ക്വയർ വലിപ്പമുള്ള വാൽവിനു പകരം യുവതിയുടെ ഹൃദയവാൽവിന് 0.5 സെന്‍റീമീറ്റർ സ്ക്വയർ വലിപ്പം മാത്രമാണുണ്ടായിരുന്നത്. ഗൈനക്കോളജി -കാർഡിയോളജി-അനസ്തേഷ്യ വിഭാഗം മേധാവികൾ മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ച്നടത്തിയ അപൂർവ ഹൃദയ ശസ്ത്രക്രിയയിലൂടെ പത്തൊമ്പതുകാരിയായ യുവതി ആരോഗ്യം വീണ്ടെടുത്തു. ബലൂൺ മൈട്രൽ വാൽവോട്ടമി എന്ന താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെയാണ് ഗർഭസ്ഥശിശുവിനും അമ്മയ്ക്കും ആരോഗ്യം വീണ്ടെടുക്കാനായത്.
വാൽവ് ചുരുക്കം മൂലം പൾമണറി എഡിമ എന്ന അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. അടിയന്തര ചികിത്സയിലൂടെ രോഗിയുടെ ആരോഗ്യ നില മെച്ചപ്പെടുത്തിയ ശേഷം ബലൂൺ മൈട്രൽ വാൽവോട്ടമി ചികിത്സ വഴി ചുരുങ്ങിപ്പോയ വാൽവ് വികസിപ്പിച്ച് തടസം പൂർണമായി മാറ്റുകയും വാൽവിന്‍റെ പ്രവർത്തനം സാധാരണ നിലയിലാക്കുകയും ചെയ്തു.
ബലൂൺ മൈട്രൽ വാൽവോട്ടമി ചികിത്സ ഗർഭാവസ്ഥയിൽ അമ്മയ്ക്കും കുഞ്ഞിനും ദോഷം വരാതെ റേഡിയേഷൻ സംരക്ഷണ ഉപാധികൾ വഴി ചെയ്യുന്നത് അത്യപൂർവമാണെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. വിവിധ സർക്കാർ സ്കീം പ്രകാരം പൂർണമായും സൗജന്യമായാണ് ചികിത്സ നടത്തിയതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam