
തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികളെ സംബന്ധിച്ചടുത്തോളം ഒന്നാം തിയതി അത്ര നല്ലദിവസമല്ലെന്ന് പറയാം. മറ്റൊന്നുമല്ല, ശമ്പളം കിട്ടുന്ന ദിവസം കൈയ്യില്‍ കാശുണ്ടെങ്കിലും ഒരു തുള്ളി മദ്യം കിട്ടണമെന്ന് ആശ തോന്നിയാല്‍ വല്യ പൊല്ലാപ്പാകും. അങ്ങനെയിങ്ങനെ കിട്ടില്ലെന്ന് മാത്രമല്ല, ഇനി കിട്ടുന്ന മദ്യത്തിനാണെങ്കില്‍ ഇരട്ടി തുക മുടക്കേണ്ടിയും വരും. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ കാര്യവും മറ്റൊന്നല്ല.
കാലം കുറച്ചായി കേരളത്തിലെ അവസ്ഥ ഇങ്ങനെയാണ്. കൃത്യമായി പറഞ്ഞാല്‍, 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശമ്പള ദിവസമായ ഒന്നാംതിയതി സംസ്ഥാനത്ത് ഡ്രൈഡേയായി പ്രഖ്യാപിച്ചത്. ശമ്പള ദിനമായ ഒന്നാം തീയതി മദ്യശാലകള്‍ തുറക്കുന്നത് വീടുകളിലെത്തേണ്ട വരുമാനത്തിന്‍റെ നല്ലൊരു ശതമാനവും മദ്യശാലകളിലെത്തിക്കുന്നു എന്ന വിലയിരുത്തലില്‍ എ കെ ആന്‍റണി സര്‍ക്കാരാണ് അങ്ങനെയൊരു തീരുമാനം കൈകൊണ്ടത്. 204 മാസങ്ങള്‍ പിന്നിടുമ്പോള്‍ പിണറായി സര്‍ക്കാര്‍ ആ തീരുമാനം പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുകയുംചെയ്തു.
സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് ഒന്നാം തീയതിയുളള നിരോധനം പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഡ്രൈഡേ കൊണ്ട് കാര്യമായ നേട്ടമില്ലന്ന വിലയിരുത്തലും ടൂറിസം മേഖലയില്‍ നിന്നുളള സമ്മര്‍ദ്ദവുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്. ഒന്നാം തീയതി മദ്യം കിട്ടില്ലെന്നതിനാല്‍, തലേന്ന് തന്നെ മദ്യം സംഭരിക്കുന്നത് പതിവായി. എല്ലാ മാസവും അവസാന ദിനമാണ് ഏറ്റവുമധികം മദ്യവില്‍പനയെന്നത് ഈ വിലയരുത്തലിന് ബലം പകരുന്നതുമായി. ഈ സാഹചര്യത്തില്‍ ഡ്രൈഡേ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരിന് മുന്നിലുളളത്.
ഡ്രൈഡേ പിന്‍വലിക്കണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാകും അന്തിമം. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ ഇതുവരെ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. നിശാക്ലബ്, പബുകള്‍ എന്നിവയുടെ കാര്യത്തില്‍ അനുകൂല നിലപാടുള്ള മുഖ്യമന്ത്രി ഡ്രൈഡേ കാര്യത്തിലും മറിച്ചൊരു തീരുമാനത്തിലെത്താന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തലുകള്‍. ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാടുണ്ടാകുക. ബജറ്റില്‍ ഇതുസംബന്ധിച്ച എന്തെങ്കിലും പ്രഖ്യാപനത്തിന് സാധ്യതയുണ്ടെങ്കിലും മാര്‍ച്ചിലേക്ക് തീരുമാനം നീണ്ടേക്കും. മാർച്ചിൽ പുതിയ മദ്യ നയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാത്രമെ ഡ്രൈ ഡേ വിഷയത്തില്‍ തീരുമാനമെടുക്കൂ എന്നാണ് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam