
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വി എ സൂരജ് , ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ എന്നിവരാണ് വീട്ടിലെത്തിയത്. 15 മിനിറ്റ് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സന്ദർശനം എന്നാണ് വിവരം. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് ബിജെപി നേതാക്കളോ പത്മകുമാറോ പരസ്യമായി പ്രതികരിച്ചില്ല.
സിപിഎം ജില്ല സെക്രട്ടറി രാജു എബ്രഹാം വീട്ടിലെത്തി ചർച്ച നടത്തിയിട്ടും പാർട്ടി തീരുമാനം തെറ്റെന്നും തനിക്കെതിരെ നടപടി വന്നോട്ടെയെന്നുമുള്ള നിലപാടിലാണ് പദ്മകുമാർ. വീണ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയിട്ടും തന്നെ തഴഞ്ഞതാണ് പദ്മകുമാറിനെ ചൊടിപ്പിച്ചത്. മന്ത്രിയെന്ന നിലയിൽ വീണ ജോർജ്ജിനോട് ഒരു പരിഭവും ഇല്ലെന്നും അടുത്ത കാലത്ത് പാർട്ടിയിലെത്തിയ വീണയെ വളരെ വേഗം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവ് ആക്കിയതിലാണ് കടുത്ത അതൃപ്തിയെന്നുമാണ് പദ്മകുമാർ പറയുന്നത്.
സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിയപ്പോയ ശേഷം അതൃപ്തി പരസ്യമാക്കി ഫേസ്ബുക്കിലിട്ട പോസ്റ്റ് പത്മകുമാർ പിൻവലിച്ചിരുന്നു. എന്നാൽ തന്നോട് ചതിവും വഞ്ചനയും കാട്ടിയെന്ന നിലപാടിൽ പത്മകുമാർ ഉറച്ചുനിൽക്കുന്നു. പരസ്യപ്രതിഷേധം അവസാനിപ്പിക്കാൻ ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് ഇറങ്ങുകയും പദ്മകുമാറിൻ്റെ ആറന്മുളയിലെ വീട്ടിലെത്തി സംസാരിക്കുകയും ചെയ്തു.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പത്മകുമാറുമായി കയ്യാങ്കളിയിലേർപ്പെട്ട സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ബി ഹർഷകുമാറും രാജു എബ്രഹാമിനൊപ്പമുണ്ടായിരുന്നു. സംസ്ഥാന സമ്മേളനത്തിലെ നടപടികൾ പൂർത്തിയാകും മുൻപ് പത്മകുമാറിന്‍റെ ഇറങ്ങിപ്പോക്കും തുടർന്നുള്ള പരസ്യ പ്രതികരണങ്ങളും ഗുരുതര അച്ചടക്ക ലംഘനമായാണ് പാർട്ടി നേതൃത്വം കാണുന്നത്. മറ്റന്നാൾ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പദ്‌മകുമാറിനെതിരെ നടപടി ഉറപ്പാണ്.