വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകനും കൊവിഡ്; പുതിയ രോഗികളുടെ വിവരങ്ങളിങ്ങനെ

By Web TeamFirst Published Mar 29, 2020, 6:33 PM IST
Highlights

അതേസമയം, പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാല് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് 20 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനക്കായി ഉണ്ടായിരുന്ന ടീമിലെ ആൾക്കാണ് എറണാകുളം ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് ഇയാൾ. ഇന്നലെയാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടത്. വിമാനത്താവളത്തിൽ ഇയാൾക്കൊപ്പം പരിശോധനയ്ക്ക് ഉണ്ടായിരുന്ന മെഡിക്കൽ സംഘം, എയർപോർട്ട് സ്റ്റാഫ് എന്നിവരും നിരീക്ഷണത്തിലാണ്. 

കണ്ണൂര്‍ ജില്ലയില്‍ നിന്ന് എട്ട് പേര്‍ക്കും കാസർകോട് ജില്ലയില്‍ നിന്ന് ഏഴ് പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കും വീതമാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശിയായ 68 കാരൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. 

തൃശൂർ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് ചാലക്കുടി സ്വദേശിയായ 52 വയസുകാരനാണ്. മൗറീഷ്യസിൽ നിന്ന് വന്ന ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കൂടുതൽ പേരുമായി സമ്പർക്കം ഉണ്ടായിട്ടില്ല. കിഴക്കഞ്ചേരി പാലക്കുഴി സ്വദേശിക്കാണ് പാലക്കാട് ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. മാർച്ച് 22 ന് ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, പാലക്കാട് കൊവിഡ് ബാധിതർ അഞ്ചായി.

കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാല് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

 

click me!