
തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന മുൻ നിലപാട് മാറ്റി മന്ത്രി കെ ബി ഗണേഷ്കുമാർ. ഇരുപത് പേരെ സ്റ്റാഫിൽ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. സ്റ്റാഫിന്‍റെ എണ്ണം കുറക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തൻറത് ചെറിയ പാർട്ടിയായത് കൊണ്ട് അർഹരായ പാർട്ടി അനുഭാവികളെയാണ് നിയമിച്ചതെന്നും ഗണേഷ് കുമാർ വിശദീകരിച്ചു.
ഔദ്യോഗിക വീട് ഉണ്ടാകില്ല, സ്റ്റാഫിനെ കുറക്കുമെന്നായിരുന്നു സത്യപ്രതിഞ്ജയ്ക്ക് മുന്‍പ് കെ ബി ഗണേഷ്കുമാർ പറഞ്ഞത്. വീട് വേണ്ടന്ന് വെച്ചെങ്കിലും സ്റ്റാഫിന്‍റെ കാര്യത്തിൽ എടുത്ത തീരുമാനം മയപ്പെടുത്തി. സിപിഎം നിശ്ചയിച്ച് നൽകിയ സ്റ്റാഫും കേരളകോൺഗ്രസ് ബി യുടെ നേതാക്കളും എത്തിയതോടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം ഇരുപതിലെത്തി. കൊല്ലത്ത് നിന്നുള്ള കേരള കോൺഗ്രസ്കരാണ് സ്റ്റാഫിലധികധികവും. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ അടക്കം ആറ് പേര്‍ സർക്കാർ ജീവനക്കാർ. കോടിയേരി ബാലകൃഷ്ണൻറെ സ്റ്റാഫിലുണ്ടായിരുന്ന എപി രാജീവനെയും ഉള്‍പ്പെടുത്തി.
പരമാവധി 25 പേരെ വരെ മന്ത്രിമാരുടെ സ്റ്റാഫിൽ നിയമിക്കാമെന്നായിരുന്നു ഒന്നാം പിണറായി സർക്കാർ മുതലുള്ള എൽഡിഎഫ് എടുത്ത ധാരണ. ഈ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരുടെയും സ്റ്റാഫിൽ 25 പേരുണ്ട്. ഗണേഷ്കുമാറിന് മുമ്പ് ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത ആന്റണി രാജു രാജി വച്ചതോടെ സ്റ്റാഫ് അംഗങ്ങളും ഒഴിഞ്ഞിരുന്നു. എല്ലാവരും രണ്ടര വർഷം പൂർത്തിയാക്കിയതോടെ പെൻഷനും അർഹതയുണ്ട്. അടുത്തിടെ മന്ത്രി വി ശിവൻകുട്ടി പുതിയ കുക്കിനെ സ്റ്റാഫിൽ നിയമിച്ചിരുന്നു. സർക്കാറിന്‍റെ കാലാവധി തീരാൻ രണ്ട് വർഷത്തിൽ കൂടുതലുളളതിനാല്‍ ഈ കുക്കിനും പെൻഷൻ ഉറപ്പാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam