പൂന്തുറയിൽ സ്ഥിതി ​ഗുരുതരം; തിരുവനന്തപുരത്ത് മൂന്നു ദിവസത്തിനിടെ 213 കൊവിഡ് കേസുകൾ

By Web TeamFirst Published Jul 9, 2020, 6:58 PM IST
Highlights

ഇവരിൽ 190 ആളുകൾക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. സൂപ്പർ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ സ്ഥിതി ​ഗുരുതരമാണ്. ജനങ്ങൾ വിട്ടുവീഴ്ച ചെയ്താൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 
 

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്നതിനിടെയും ജില്ലയിൽ മൂന്നു ദിവസത്തിനിടെ 213 പേർക്ക് കൊവിഡ് ബാധിച്ചു. ഇവരിൽ 190 ആളുകൾക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. സൂപ്പർ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ സ്ഥിതി ​ഗുരുതരമാണ്. ജനങ്ങൾ വിട്ടുവീഴ്ച ചെയ്താൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

ഒരു മത്സ്യമാർക്കറ്റിലുണ്ടായ കൊവിഡ് വ്യാപനം തിരുവനന്തപുരം ന​ഗരത്തെയാകെ ട്രിപ്പിൾ ലോക്ഡൗണിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ മേഖലയിലേക്ക് രോഗം എത്തിയിട്ടുണ്ടെന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നു. ഇത് തലസ്ഥാനത്ത് മാത്രമെന്ന് കരുതി മറ്റ് പ്രദേശങ്ങൾ ആശ്വസിക്കേണ്ടതില്ല. ചിലയിടത്ത് ഇത്തരം പ്രതിഭാസം കാണുന്നുണ്ട്. കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോൾ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമാണ്. സംസ്ഥാനത്തിനാകെ ബാധകമായതാണ് ഇത്. ആരെങ്കിലും ഇതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നുവെന്ന് തോന്നേണ്ടതില്ല. നിലവിലെ നിയന്ത്രണം സമൂഹത്തെ മൊത്തം കണക്കിലെടുത്ത് രക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതാണ്. അത് കർശനമായി പാലിക്കണം.

തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ 213 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 190 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരിൽ 88 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. പൂന്തുറയിൽ സൂപ്പർ സ്പ്രെഡായി. അവിടെ തന്നെ ഇതേ രീതി തുടരുകയാണ്. അതിനാലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നത്. സെന്റിനൽ സർവൈലൻസ് ഊർജ്ജിതപ്പെടുത്തി. ആന്റിജൻ പരിശോധന വ്യാപകമാക്കും. രോഗവ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങും നടത്തും

കോണ്ടാക്ട് ട്രേസിങ് വിപുലമാക്കി. കണ്ടെയ്ൻമെന്റ് സോണിൽ എല്ലാവരെയും ക്വാറന്റൈൻ ചെയ്യും. അനാവശ്യ സഞ്ചാരം ഒഴിവാക്കാൻ പൊലീസ് ഇടപെടുന്നു. ദൈനംദിന റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ആരോഗ്യം, പൊലീസ്, മീഡിയ, ഫയർ ഫോവ്സ്, റവന്യു, ഭക്ഷണശാലകൾ തുടങ്ങിയവയുമായി ഏകോപനം ഉറപ്പാക്കി.

 കൊവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനം സർക്കാർ സ്വകാര്യ മേഖലയിൽ നടക്കുന്നുണ്ട്. പൂന്തുറ അടക്കമുള്ള പ്രദേശത്തെ പ്രത്യേക ക്ലസ്റ്ററായി തിരിക്കും. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ആശുപത്രികളിൽ പ്രത്യേക ഒപി സൗകര്യം ഒരുക്കും.

 രോഗബാധിതരെ കണ്ടെത്തുന്നതിനായി വിവിധ വിഭാഗങ്ങളെ ക്ലസ്റ്ററായി തിരിച്ച് വിപുലമായ നടപടി സ്വീകരിക്കുന്നു. ആരോഗ്യവകുപ്പ് ഇതിന്റെ മാർഗനിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ക്ലസ്റ്ററായി തിരിച്ച് പരിശോധന നടത്തുന്നത് ഇതിന് പുറമെയാണ്. നാല് ക്ലസ്റ്ററിൽ ആന്റിബോഡി പരിശോധന നടത്തും. ക്ലസ്റ്റർ അഞ്ചിൽ റാപ്പിഡ് ആന്റിജൻ പരിശോധന നടത്തും. രോഗബാധിതരെ പെട്ടെന്ന് കണ്ടെത്താനും വ്യാപനം ചെറുക്കാനുമാണ് ശ്രമം. ആരോഗ്യവകുപ്പ് നിർദ്ദേശം കർശനമായി പാലിക്കണം.

വിട്ടുവീഴ്ച ചെയ്താൽ പ്രത്യാഘാതം വലുതായിരിക്കും. കർശനമായ ട്രിപ്പിൾ ലോക്ക്ഡൗണാണ് നടപ്പാക്കുന്നത്. ജനം പുറത്തിറങ്ങാതിരിക്കാൻ പൊലീസ് കമാന്റോകളുടെ സേവനം വരെ ഉപയോഗിക്കുന്നു. 500 പൊലീസുകാരെ പൂന്തുറയിൽ മാത്രം വിന്യസിച്ചു. ക്രമസമാധാന പാലന ചുമതലയുള്ള പൊലീസിന്റെ മാത്രം ചുമതലയല്ല. സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണിത്. സമൂഹത്തിന്റെ ഭാഗമായി നിൽക്കുന്നവർ പ്രശ്നത്തിൽ ആരോഗ്യകരമായി ഇടപെടണം. മതനേതാക്കൾ, സമൂഹിക നേതാക്കൾ, തുടങ്ങി ജനങ്ങളിൽ സ്വാധീനമുള്ളവർ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നടപടി സ്വീകരിക്കണം. നല്ല രീതിയിൽ ഇതുമായി സഹകരിക്കണം.

Read Also: പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ രോഗബാധ ഉണ്ടാകാം; സാഹചര്യം മനസ്സിലാക്കാനുള്ള വിവേകം വേണം: മുഖ്യമന്ത്രി...

                                                        

click me!