
പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പുനർജനി പദ്ധതിയിൽ 229 വീടുകൾ നിർമിച്ച് നൽകിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. പുനർജനി പദ്ധതിയിൽ 229 വീടുകൾ നിർമാണം പൂർത്തിയായെന്നും ഒരെണ്ണത്തിന്റെ പണി പൂർത്തിയായി വരുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഭാഗികമായി തകർന്നതും പണിപൂർത്തിയാക്കാൻ കഴിയാതിരുന്നതുമായ വീടുകൾ ഉൾപ്പെടുത്തിയാൽ 314 വീടുകൾ പുനർജനി പദ്ധതിയിൽ പൂർത്തിയാക്കിയെന്നും വീടുകൾ ലഭ്യമായവരുടെ മുഴുവൻ വിവരങ്ങളും അന്വേഷണ ഏജൻസികൾക്ക് അവർ ആവശ്യപ്പെടുന്ന പക്ഷം പ്രതിപക്ഷ നേതാവ് കൈമാറുമെന്നും മാക്കുറ്റി പറഞ്ഞു. പദ്ധതിയിൽ സഹായം സ്വീകരിക്കപ്പെട്ട നിർധനരായ ഗുണഭോക്താക്കളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് സഹായം ചെയ്തതിനുശേഷം അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസിന്റെ ഉന്നത നേതൃത്വം വിലയിരുത്തിയതിനെ തുടർന്നാണ് പേരുവിവരങ്ങൾ പരസ്യപ്പെടുത്താതിരുന്നത്.
പ്രതിപക്ഷ നേതാവ് വീടുകളല്ല. ജീവിതങ്ങളാണ് കെട്ടിപ്പടുത്തിരിക്കുന്നത്. അവരെ അപമാനിക്കാൻ തയ്യാറല്ല എന്ന പാർട്ടിയുടെ നിലപാട് സവിനയം അംഗീകരിക്കകയാമെന്നും വീടുകിട്ടയവരുടെ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നും മാക്കുറ്റി വ്യക്തമാക്കി. അന്വേഷണ ഏജൻസികൾക്ക് ലിസ്റ്റ് അവർക്ക് പരിശോധിക്കാമെന്നും പിണറായി വിജയന്റെയും നരേന്ദ്രമോദിയുടെയും അന്വേഷണ ഏജൻസികൾക്ക് ലഭിക്കുമെന്നും റിജിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പറവൂർ നിയോജക മണ്ഡലത്തിൽ പാവപ്പെട്ടവർക്കായി പുനർജ്ജനി പദ്ധതിയിൽ 229 വീടുകളാണ് വെച്ചു നൽകിയിട്ടുള്ളത്.ഒരെണ്ണത്തിന്റെ പണി പൂർത്തിയായി വരുന്നു.ഭാഗികമായി തകർന്നതും പണിപൂർത്തിയാക്കാൻ കഴിയാതിരുന്നതുമായ വീടുകൾ പുനർ നിർമ്മിച്ചത് ഉൾപ്പെടെ 314 വീടുകളാണ് പുനർജനി പദ്ധതിയിൽ പൂർത്തീകരിക്കപ്പെടു ന്നത്. ആ വീടുകൾ ലഭ്യമായവരുടെ മുഴുവൻ വിവരങ്ങളും അന്വേഷണ ഏജൻസികൾക്ക് അവർ ആവശ്യപ്പെടുന്ന പക്ഷം പ്രതിപക്ഷ നേതാവ് കൈമാറും.
കഴിഞ്ഞദിവസം ഒരു ചാനൽ ചർച്ചയിൽ ആ ലിസ്റ്റ് പ്രസിദ്ധീകരിക്കാമോ എന്ന് വെല്ലുവിളിച്ച സിപിഎമ്മിന്റെ ഒരു ന്യായീകരണ തൊഴിലാളിയോട് പ്രസിദ്ധീകരിക്കും എന്ന് മറുപടി കൊടുത്തിരുന്നു. എന്നാൽ ഈ പദ്ധതിയിൽ സഹായം സ്വീകരിക്കപ്പെട്ട നിർധനരായ ഗുണഭോക്താക്കളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് , സഹായം ചെയ്തതിനുശേഷം അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസിന്റെ ഉന്നത നേതൃത്വം വിലയിരുത്തുകയുണ്ടായി.പ്രതിപക്ഷ നേതാവ് വീടുകളല്ല,ജീവിതങ്ങളാണ് കെട്ടിപ്പടുത്തിരിക്കുന്നത്. അവരെ അപമാനിക്കാൻ തയ്യാറല്ല എന്ന എന്റെ പാർട്ടിയുടെ നിലപാട് സവിനയം അംഗീകരിക്കുന്നു.
എന്നാൽ എന്നെയും എന്റെ പാർട്ടിയെയും വെല്ലുവിളിച്ച ന്യായീകരണ തിലകത്തിന് ജനങ്ങളോട് പ്രതിബദ്ധത ഉണ്ടാകില്ല എന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ പിണറായി വിജയൻ ആഭ്യന്തരമന്ത്രി ആണെന്ന് പറയപ്പെടുന്ന കേരളത്തിലെ അന്വേഷണ ഏജൻസികളുടെ കൈയ്യിൽ കിട്ടുന്ന ആ ലിസ്റ്റ് അവർക്ക് പരിശോധിക്കാനാവുമല്ലോ.
പുനർജ്ജനി പദ്ധതിയിൽ നിർമ്മിക്കപ്പെട്ട
മുഴുവൻ വീടുകളുടെയും പൂർണമായ വിവരങ്ങൾ പിണറായി വിജയന്റെയും നരേന്ദ്രമോദിയുടെയും അന്വേഷണ ഏജൻസികൾക്ക് ലഭിക്കും. നിയമ പ്രകാരം ലഭിക്കുമെങ്കിൽ സിപിഎമ്മിന്റെ വിടുവായന്മാർക്ക് അത് കിട്ടുമല്ലോ.
വീടുകൾ മാത്രമല്ല ജീവനുകൾ കെട്ടിപ്പെടുക്കാൻ പ്രതിപക്ഷ നേതാവ് സ്വീകരിച്ച ഒരു മികച്ച മാതൃകാ പുനരുദ്ധാരണ പദ്ധതിയെ നിങ്ങൾക്ക് പഠിക്കാം. പുനർജനി വഴി നൽകിയ വീടുകളുടെ വിവരണം മാത്രമാണ് ഇത്. ജീവനോപാധികളും, മരുന്നും,പഠനോപകരണങ്ങളും,വീൽചെയർ വിതരണവും, കാലിത്തീറ്റ വിതരണവും ഉൾപ്പെടെയുള്ള നിരവധിയായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ പുനരുജ്ജീവന പദ്ധതിയാണ് പുനർജനി.
ഗീബൽസ്യയൻ തന്ത്രം പയറ്റുന്നതിൽ അനൗചിത്യം ഇല്ലെന്ന് കരുതുന്ന സിപിഎം നേതൃത്വം നൽകുന്ന സർക്കാരിനും ആ പാർട്ടിയുടെ ജീർണ്ണത പേറുന്നവർക്കും ഉറപ്പായും ആ ലിസ്റ്റ് ജാള്യതയോടെ (അതില്ലെങ്കിലും) കണ്ട് തൃപ്തിയടയാവുന്നതാണ്.