ഒറ്റ ദിവസം 3340 പരിശോധനകൾ; 25 സ്ഥാപനങ്ങൾ അടപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്, 1470 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Published : Jul 27, 2023, 06:40 PM IST
ഒറ്റ ദിവസം 3340  പരിശോധനകൾ; 25 സ്ഥാപനങ്ങൾ അടപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്, 1470 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Synopsis

ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും ഉള്‍പ്പെടെ ആകെ 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ച പരിശോധനകള്‍ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുന്നതാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 392, കൊല്ലം 227, പത്തനംതിട്ട 118, ആലപ്പുഴ 220, കോട്ടയം 230, എറണാകുളം 287, ഇടുക്കി 103, തൃശൂര്‍ 303, പാലക്കാട് 269, മലപ്പുറം 388, കോഴിക്കോട് 333, വയനാട് 76, കണ്ണൂര്‍ 289, കാസര്‍ഗോഡ് 105 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും ഉള്‍പ്പെടെ ആകെ 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 385 ഷവര്‍മ പരിശോധനകള്‍ നടത്തി. ആകെ 13 സര്‍വൈലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു.

ജില്ലാതലത്തിലും, മേഖലാതലത്തിലും സംസ്ഥാനതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയാണ് പരിശോധനകള്‍ ഏകോപിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്. പരിശോധനകളുടെ വേഗത ഉറപ്പുവരുത്തുന്നതിനായി പരിശോധിക്കേണ്ട വസ്തുതകള്‍ അടങ്ങിയ ചെക്ക് ലിസ്റ്റ്, പ്രത്യേക റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കിയിരുന്നു.

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക, ഹോട്ടലുകളുടെയും ബേക്കറികളുടെയും ജ്യൂസ് സ്ഥാപനങ്ങളുടെയും നിലവാരം ഉയര്‍ത്തിക്കൊണ്ടു വരിക, എല്ലാവര്‍ക്കും ട്രെയിനിങ് നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, സ്ഥാപനങ്ങളിലുള്ള പോരായ്മകള്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരെ ബോധ്യമാക്കി സ്വയം തിരുത്തലുകള്‍ക്ക് അവരെ സജ്ജമാക്കുക, സ്ഥാപനങ്ങളുടെ പരിസര ശുചിത്വവും വേസ്റ്റ് മാനേജുമെന്റും കുറ്റമറ്റതാക്കുക, സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവര്‍ ശുചിത്വം പാലിക്കുന്നതിന് അവരെ പര്യാപ്തരാക്കുക, കളറുകളും, ഗുണനിലവാരമില്ലാത്ത എണ്ണകളും ഉപയോഗിക്കുന്നതില്‍ നിന്ന് സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുക തുടങ്ങിയവയാണ് ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ കാരണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ്, ജോ. കമ്മീഷണര്‍ ജേക്കബ് തോമസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. 

Read More : 75 കാരനെ നിരന്തരം ഫോൺ വിളിച്ച് വശത്താക്കി, വിവസ്ത്രനാക്കി ഫോട്ടോ, സീരിയൽ നടിയെ കുടുക്കിയത് പണത്തോടുള്ള ആർത്തി

PREV
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്