കേരള ചരിത്രത്തിലെ ഭീകര സംഭവങ്ങളിലൊന്ന്; ആലുവ കൂട്ടക്കൊലക്ക് 25 വർഷം; ഒറ്റയ്ക്ക് ഒരാൾ കൊലപ്പെടുത്തിയത് ആറ് പേരെ!

Published : Jan 05, 2026, 11:59 AM IST
Aluva Manjooran Family Mass murder

Synopsis

ആലുവ മാഞ്ഞൂരാൻ കുടുംബത്തിലെ ആറ് പേരെ ബന്ധുവായ ആന്റണി കൊലപ്പെടുത്തിയ സംഭവത്തിന് 25 വർഷം തികയുന്നു. വിദേശത്ത് പോകാനുള്ള പണം നൽകാത്തതിലെ വിരോധം കൂട്ടക്കൊലയിൽ കലാശിച്ച ഈ കേസിൽ, സിബിഐ കോടതിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചിരുന്നു.

ആലുവ: കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലപാതകത്തിന് നാളെ 25 വർഷം പൂർത്തിയാകും. 2001 ജനുവരി ആറിന് ആലുവ സബ് ജയിൽ റോഡിലെ മാഞ്ഞൂരാൻ കുടുംബത്തിലെ ആറ് പേരെയാണ് കൂട്ടക്കൊലക്ക് ഇരയാക്കിയത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഭവങ്ങളിലൊന്നാണിത്. ഒരു വ്യക്തി ഒറ്റയ്ക്ക് ആറ് പേരെ കൊലപ്പെടുത്തുമോ, ഇത്ര മെലിഞ്ഞിരിക്കുന്ന വ്യക്തിക്ക് ഇതെങ്ങനെ സാധ്യമാകും എന്നുതുടങ്ങി പല ചോദ്യങ്ങളും ഉണ്ടായെങ്കിലും ഒടുവിൽ സുപ്രീം കോടതിയും കുറ്റവാളിയെന്ന് ഉറപ്പിക്കച്ചതോടെ ഇതെല്ലാം കെട്ടടങ്ങി.

ആലുവയിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്സ് ഉടമ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ് മോൻ (14), ദിവ്യ (12), അഗസ്റ്റിൻ്റെ സഹോദരി കൊച്ചുറാണി (42), ഇവരുടെ അമ്മ ക്ലാര (74) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവും ആലുവ നഗരസഭയിലെ താത്കാലിക ഡ്രൈവറായിരുന്ന ‘ബ്ലാക്ക് ബെൽറ്റ് ആന്റപ്പൻ’ എന്നറിയപ്പെട്ടിരുന്ന എം.എ.ആന്റണിയാണ് ആറ് പേരെയും കൊലപ്പെടുത്തിയത്. കേസിൽ സിബിഐ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചതോടെ, ഇപ്പോൾ പരോൾ നേടി നാട്ടിൽ കഴിയുകയാണ് ആൻ്റണി.

വിദേശത്ത് പോകാൻ അഗസ്റ്റിന്റെ സഹോദരിയായ കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് നൽകാതിരുന്നതിലെ വിരോധമാണ് കൊലപാതകങ്ങൾക്ക് കാരണം. സംഭവ ദിവസം രാത്രി ഒൻപത് മണിയോടെ പണം ആവശ്യപ്പെട്ട് ആന്റണി മാഞ്ഞൂരാൻ വീട്ടിലെത്തി. ഈ സമയത്ത് അഗസ്റ്റിനും ഭാര്യയും മക്കളും സമീപത്തെ സീനത്ത് തീയറ്ററിൽ സിനിമയ്ക്ക് പോയി. പണം ലഭിക്കാതായതോടെ കൊച്ചുറാണിയെയും പിന്നാലെ അമ്മ ക്ലാരയെയും ആൻ്റണി കൊലപ്പെടുത്തി. പിന്നീട് വീട്ടിൽ തന്നെ കഴിഞ്ഞ ആൻ്റണി, സിനിമ കഴിഞ്ഞ് വീട്ടിലെത്തിയ അഗസ്റ്റിനെയും കുടുംബത്തെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പുലർച്ചെ ഇവിടെ നിന്നും ട്രെയിനിൽ മുംബൈയിലേക്ക് കടന്ന ഇയാൾ, അവിടെ നിന്ന് ദമാമിലേക്ക് പോയി.

ദമാമിലായിരുന്ന പ്രതിയെ ആദ്യ ഘട്ടത്തിൽ പിടികൂടാനായില്ല. ഇന്ത്യക്കും സൗദി അറേബ്യയ്ക്കുമിടയിൽ കുറ്റവാളികളെ കൈമാറാനുള്ള കരാർ ഇല്ലാതിരുന്നതാണ് തടസമായത്. എന്നാൽ ആൻ്റണിയുടെ ഭാര്യ ജമ്മയെ സ്വാധീനിച്ച പൊലീസ്, ഇവരിലൂടെ ആൻ്റണിയെ നാട്ടിലെത്തിച്ചു. 2001 ഫെബ്രുവരി 11ന് മുംബൈ സാഹർ വിമാനത്താവളത്തിലെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം ആലുവ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിനും തുടർന്ന് സിബിഐയ്ക്കും കൈമാറി. എല്ലാ അന്വേഷണങ്ങളിലും ആന്റണിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി. 2005 ഫെബ്രുവരി രണ്ടിന് അന്നത്തെ സിബിഐ കോടതി ജഡ്‌ജ് കമാൽ പാഷ, ആന്റണിക്ക് വധശിക്ഷ വിധിച്ചു. കേരളത്തിൽ സിബിഐ കോടതിയുടെ ചരിത്രത്തിലെ ആദ്യ വധശിക്ഷ വിധിയായിരുന്നു ഇത്.

ഇന്ത്യക്കും സൗദി അറേബ്യയ്ക്കുമിടയിൽ കുറ്റവാളികളെ കൈമാറാനുള്ള കരാർ ഇല്ലാതിരുന്ന സാഹചര്യത്തിൽ, ഭാര്യ ജമ്മയെ സ്വാധീനിച്ചാണ് ആന്റണിയെ നാട്ടിലെത്തിച്ചത്. 2001 ഫെബ്രുവരി 11ന് മുംബൈ സാഹർ വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ ഫെബ്രുവരി 18ന് കോടതിയിൽ ഹാജരാക്കി. 2006ൽ ഹൈക്കോടതി വധശിക്ഷ ശരി വച്ചു. എന്നാൽ സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്തു. 2018 ഡിസംബർ 11ന് സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ദീർഘകാലം ഏകാന്ത തടവ് അനുഭവിച്ച പ്രതിക്ക് പിന്നീട് പരോൾ അനുവദിച്ചു. ഇപ്പോൾ പരോളിൽ കഴിയുന്ന പ്രതി നാട്ടിലുണ്ടെന്നും, അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരം കാട്ടാക്കടയിലെ തുറന്ന ജയിലിൽ ഹാജരാകുമെന്നും ജയിൽ അധികൃതർ അറിയിച്ചു.

കൊലപാതകം നടന്ന സമയത്ത് തൃക്കാക്കരയിൽ അധ്യാപികയായിരുന്ന ആൻ്റണിയുടെ ഭാര്യ ജമ്മയും മകനും പിന്നീട് തമിഴ്നാട്ടിലേക്ക് താമസം മാറ്റി. കൂട്ടക്കൊല നടന്ന മാഞ്ഞൂരാൻ വീട് വർഷങ്ങളോളം ആളനക്കമില്ലാതെ നിലനിന്നു. പിന്നീട് പൊളിച്ച് നീക്കി. വീടിരുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് ഇന്ന് മറ്റൊരു വ്യക്തിയുടെ പുതിയ വീടുണ്ട്. മറ്റൊരു ഭാഗം ഇപ്പോഴും തുറസ്സായി കിടക്കുകയാണ്. കാലം മുന്നോട്ട് പോയിട്ടും, ആലുവ കൂട്ടക്കൊല മലയാളിയുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു കൊലപാതകമാണ്, ആന്റണിക്കത് എങ്ങനെ സാധ്യമായെന്ന ഒരു ഞെട്ടിപ്പിക്കുന്ന ഓർമയും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയില്‍ അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ചു, അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി
അതൃപ്തി തുറന്ന് പറഞ്ഞ് ആര്‍ ശ്രീലേഖ; 'മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പിൽ, തീരുമാനത്തെ എതിര്‍ത്ത് ഇറങ്ങിയോടാൻ പറ്റില്ല, കൗണ്‍സിലറായി തുടരും'