
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ പുകയില ഉൽപന്നങ്ങൾ വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പ്രിസൺ ഓഫിസർ അജുമോൻ (36) ആണ് പിടിയിലായത്. വിയ്യൂർ പൊലീസ് കാലടിയിൽ നിന്നാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഇയാൾ നൂറ് രൂപയുടെ ബീഡി 2500 രൂപയ്ക്ക് തടവുകാർക്ക് വിൽക്കുകയായിരുന്നു. തടവുകാരിൽ നിന്ന് പുകയില ഉൽപന്നങ്ങൾ പിടികൂടിയപ്പോഴാണ് ഉറവിടം അന്വേഷിച്ചത്.
വിയ്യൂർ സെൻട്രൽ ജയിലിലെ മുൻ പ്രിസൺ ഓഫീസർ അജുമോനെ ഒളിവിൽ കഴിഞ്ഞിരുന്ന കാലടിയിൽ നിന്നാണ് വിയ്യൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബൈജു കെസിയുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അച്ചടക്ക നടപടികളുടെ ഭാഗമായി ഇയാൾ മൂന്നുമാസമായി സസ്പെൻഷനിൽ ആയിരുന്നു. വിയ്യൂർ ജയിലിൽ നിരന്തരമായി പുകയിലോൽപന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർത്ഥങ്ങളും തടവുകാരിൽ നിന്നും സ്ഥിരമായി പരിശോധനയിൽ കണ്ടെത്തുമായിരുന്നു. കുറച്ചുകാലങ്ങളായി ഇത്തരം കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നത് മനസ്സിലാക്കിയ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നിർദ്ദേശപ്രകാരം പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുന്നത്. അന്വേഷണത്തിൽ നൂറു രൂപ മാത്രം വില വരുന്ന ബീഡി 2500 രൂപയ്ക്ക് തടവുകാർക്ക് വിൽപ്പന നടത്തിയതായി കണ്ടെത്തി.
പുകയിലോൽപന്നങ്ങൾ ജയിൽ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും തടവുകാർ വാങ്ങുന്നതിന് മുമ്പ് തടവുകാരുടെ വീട്ടുകാർ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന ഗൂഗിൾ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചു എന്ന് ഉറപ്പായാൽ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ അവർക്ക് എടുക്കാൻ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് പതിവ്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ വളരെയധികം അനധികൃതമായ പണം ഇടപാടുകൾ നടന്നിട്ടുള്ളതായി കണ്ടെത്തി. ഈ ഉദ്യോഗസ്ഥനെതിരെ മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ആരോപണത്തിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥൻ മൂവാറ്റുപുഴ സബ് ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറി വന്നത്.13 വർഷമായി സർവീസിലുള്ള ഇയാൾ ജോലി ചെയ്തിരുന്ന പല ജയിലുകളിലും താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എസ്ഐ എബ്രഹാം വർഗീസ്, ജോഷി ജോസഫ്, അനിൽകുമാർ പി സി, അനീഷ്,ടോമി വൈ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam