കേരളത്തിൽ തൂക്കിലേറ്റിയത് 26 പേരെ; ഏറ്റവുമൊടുവിൽ റിപ്പർ ചന്ദ്രൻ; ഇനിയുമുണ്ട് നടപ്പിലാക്കാത്ത ശിക്ഷകൾ....

Published : Nov 14, 2023, 12:54 PM ISTUpdated : Nov 14, 2023, 01:10 PM IST
കേരളത്തിൽ തൂക്കിലേറ്റിയത് 26 പേരെ; ഏറ്റവുമൊടുവിൽ റിപ്പർ ചന്ദ്രൻ; ഇനിയുമുണ്ട് നടപ്പിലാക്കാത്ത ശിക്ഷകൾ....

Synopsis

കണ്ണൂർ സെൻട്രൽ ജയിലിലാകട്ടെ 1991 -ൽ സീരിയൽ കില്ലർ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതാണ് അവസാനത്തേത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് 14 പേരെ കൊലപ്പെടുത്തിയ കുറ്റവാളിയായിരുന്നു റിപ്പര്‍ ചന്ദ്രൻ. കേരളത്തിൽ ഒരു കുറ്റവാളിയെ തൂക്കിലേറ്റിയിട്ട് 32 വർഷം കഴിഞ്ഞു എന്നർത്ഥം.

തിരുവനന്തപുരം: കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇന്ത്യയിൽ കോടതികൾ പ്രതിക്ക് വധശിക്ഷ വിധിക്കുക. അത്യപൂർവ കുറ്റങ്ങളിൽ അല്ലാതെ വധശിക്ഷ പാടില്ലെന്ന് ഇന്ത്യയിലെ പരമോന്നത കോടതി പലതവണ കീഴ്‌ക്കോടതികളെ  ഓർമിപ്പിച്ചിട്ടുണ്ട്. തൂക്കു കയർ കോടതി വിധിച്ചാലും പിന്നീടും  അപ്പീലും ദയാഹർജിയും നൽകാൻ പ്രതിക്ക് അവസരം ഉണ്ട്. രാഷ്ട്രപതിക്കുള്ള ദയാഹര്‍ജിയും നിരസിക്കപെട്ടാൽ മാത്രമാണ് കൊലയാളിക്ക് തൂക്കുമരത്തിലേക്ക് നടക്കേണ്ടി വരിക. വധശിക്ഷ വിധിക്കപ്പെട്ട ഒട്ടേറെ പ്രതികളുടെ ശിക്ഷ വർഷങ്ങളായി ഇന്ത്യയിൽ നടപ്പാക്കപ്പെട്ടിട്ടും ഇല്ല. 

കേരളത്തില്‍ രണ്ട് ജയിലുകള്‍ തൂക്കികൊല നടപ്പാക്കാനുള്ള സൗകര്യമുണ്ട്. ഒന്ന് വടക്ക് കണ്ണൂരിൽ  രണ്ട്, തെക്ക് തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ഈ രണ്ടു ജയിലുകളിലുമായി ആകെ തൂക്കിലേറ്റപ്പെട്ടത് 26 കുറ്റവാളികളാണ്. 45 വർഷം മുമ്പ്, നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന അഴകേശൻ എന്ന ദുർമന്ത്രവാദിയെ തൂക്കിലിട്ടതാണ് പൂജപ്പുരയിൽ നടപ്പിലായ അവസാന വധശിക്ഷ. കണ്ണൂർ സെൻട്രൽ ജയിലിലാകട്ടെ 1991 -ൽ സീരിയൽ കില്ലർ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതാണ് അവസാനത്തേത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് 14 പേരെ കൊലപ്പെടുത്തിയ കുറ്റവാളിയായിരുന്നു റിപ്പര്‍ ചന്ദ്രൻ. കേരളത്തിൽ ഒരു കുറ്റവാളിയെ തൂക്കിലേറ്റിയിട്ട് 32 വർഷം കഴിഞ്ഞു എന്നർത്ഥം.

റിപ്പർ ചന്ദ്രന് ശേഷവും, കേരളത്തിലെ കോടതികൾ പല കേസുകളിലും വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ, ആ ശിക്ഷകൾ ഒന്നും നടപ്പായില്ല. പലരുടെയും വധശിക്ഷ അപ്പീൽ കോടതികൾ ജീവപര്യന്തമാക്കി ഇളവ് ചെയ്തു. ഇപ്പോൾ കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 16 പേർ ആണ്.  9 പേർ പൂജപ്പുര സെൻട്രൽ ജയിലിലും മറ്റ് ഏഴു പേർ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലുമാണ്. എറണാകുളത്തു നിയമ വിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി അമീറുൽ ഇസ്‌ലാമും ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ നിനോ മാത്യുവും ഇക്കൂട്ടത്തിലുണ്ട്.

ലോകമെങ്ങും വധശിക്ഷയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തുന്ന കാലമാണിത്. ലോകത്ത് 98 രാജ്യങ്ങൾ വധശിക്ഷ പൂർണ്ണമായി നിർത്തലാക്കിയിട്ടുണ്ട്. ചൈന, ഇറാൻ, സൗദി അറേബ്യാ എന്നീ മൂന്നു രാജ്യങ്ങളിൽ ആണ് ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കപ്പെടുന്നത്. ലോകത്ത് പല രാജ്യങ്ങളിലും പല രീതികളിൽ ആണ് വധശിക്ഷ നടപ്പാക്കുന്നത്. ഇന്ത്യയിൽ അത് തൂക്കിലേറ്റൽ ആണ്. രാഷ്ട്രപതിയും പ്രതിയുടെ ദയാഹർജി തള്ളിയാൽ തൂക്കിലേറ്റാനുള്ള പ്രക്രിയക്ക് തുടക്കമാകും.

ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കലാണ് ആദ്യ നടപടി. പ്രതിയെ 'കണ്ടെംഡ് സെൽ' എന്ന ഏകാന്തതടവിലേക്ക് മാറ്റും. പ്രതിക്ക് ഇഷ്ടമുള്ള ഭക്ഷണവും നൽകി സന്ദർശകരെയും അനുവദിക്കും. അന്ത്യാഭിലാഷങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അനുവദിക്കും.  വിൽപത്രം എഴുതാനും അവസാനമായി പ്രാർത്ഥിക്കാനും സൗകര്യം നൽകും. പുലർച്ചെയാണ് ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുക. തൂക്കിലേറ്റുന്നത് വ്യക്തിയുടെ  ഭാരമുള്ള  ഡമ്മി തൂക്കി കയറിന്റെ ബലം ഉറപ്പുവരുത്തും. പുലർച്ചെ പ്രതിയെ നടത്തി കഴുമരത്തിന്റെ പോഡിയത്തിൽ കൊണ്ട് നിർത്തും. കറുത്ത മുഖാവരണം ധരിപ്പിക്കും. കൈകളും കാലുകളും ബന്ധിക്കും. ആരാച്ചാർ കഴുമരത്തിന്റെ ലിവർ വലിക്കുന്നതോടെ പോഡിയത്തിന്റെ തട്ട് പ്രതിയുടെ കാലടിയിൽ നിന്ന് തെന്നിമാറും. ഏതാനും സെക്കന്റുകൾക്ക് ഉള്ളിൽ മരണം സംഭവിക്കും.

വധശിക്ഷക്ക് പുറമെ അസ്ഫാക്കിന് വിധിച്ചത് അഞ്ച് ജീവപര്യന്തവും 49 വര്‍ഷം തടവും; ശിക്ഷയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

കൊടുംക്രൂരതയ്ക്ക് തൂക്കുകയർ: ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്