
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് 26 ആം ദിനം. വെട്ടുകാട്, ചെറുവെട്ടുകാട്, സെന്‍റ് സേവ്യേഴ്സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും തുടരുകയാണ്. മൂന്ന് വൈദികരും മൂന്ന് അൽമായരുമാണ് ഇന്ന് ഉപവാസ സമരത്തിൽ പങ്കെടുക്കുന്നത്. സർക്കാരുമായുള്ള തുടർച്ചർച്ചകൾ വഴിമുട്ടിയതോടെ സമരം വ്യാപിപ്പിക്കുന്നത് തീരുമാനിക്കാനായി. ഇന്നലെ സമരസമിതി യോഗം ചേർന്നിരുന്നു. മൂലമ്പള്ളിയും, ചെല്ലാനവും ഉൾപ്പടെയുള്ള പ്രദേശങ്ങളിലും സമരം വ്യാപിപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം.
അതേസമയം കൊച്ചി , ആലപ്പുഴ രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളത്ത് ഇന്ന് മനുഷ്യ ചങ്ങല തീര്‍ക്കും. വൈകിട്ട് നാലിന് ചെല്ലാനം മുതൽ തോപ്പുംപടി, ബീച്ച് റോഡ് തുറമുഖ തീർത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യചങ്ങല തീർക്കുക. ടെട്രാ പോഡ് കടൽഭിത്തി നിർമ്മാണം പോർട്ടുകൊച്ചി വരെ വ്യാപിപ്പിക്കുക. വിഴിഞ്ഞം തുറമുഖം വിദഗ്ധ പഠനം നടത്തുക, തീര സുരക്ഷ ഉറപ്പാക്കുന്നതു വരെ തുറമുഖ നിർമാണം നിര്‍ത്തിവയ്ക്കുക, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പ് നൽകുക, എന്നീ ആവശ്യങ്ങളുമായാണ് മനുഷ്യ ചങ്ങല. മനുഷ്യ ചങ്ങലയിൽ 17,000 പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam