നാവികസേനയെ സംശയനിഴലിൽ നിർത്തി പൊലീസ്? മത്സ്യത്തൊഴിലാളിയെ വെടിവെച്ചതാര്, നിർണായക വിദ​​ഗ്ധ പരിശോധന ഇന്ന്

By Web TeamFirst Published Sep 10, 2022, 12:24 AM IST
Highlights

നേവി ഉദ്യോഗസ്ഥരാണ് വെടിവച്ചതെന്ന് ആരോപണമുള്ള സാഹചര്യത്തില്‍ നേവി ഉപയോഗിക്കുന്ന തോക്കുകളും അന്വേഷണ സംഘം പരിശോധിക്കും. വെടിവെപ്പ് നേവി ഉദ്യോഗസ്ഥര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും പൊലീസ് അത് കാര്യമായി മുഖവിലയ്ക്കെടുത്തിട്ടില്ല.

കൊച്ചി: എറണാകുളം ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ ബാലിസ്റ്റിക് വിദഗ്ധർ ഇന്ന് പരിശോധന നടത്തും. വിദഗ്ധ പരിശോധ ആവശ്യപെട്ട് കോസ്റ്റല്‍ പൊലീസ് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തു നല്‍കിയിരുന്നു. ഏത് ഇനം തോക്കില്‍ നിന്ന് വെടിവെപ്പുണ്ടായത്, വെടിയുണ്ട ഏത് വിഭാഗത്തിൽപെട്ടതാണ്, എത്ര ദൂരം സഞ്ചരിക്കാൻ ശേഷിയുളളതാണ്, എത്ര പഴക്കമുണ്ട് തുടങ്ങിയ കാര്യങ്ങളാണ്  ബാലിസ്റ്റിക് വിദഗ്ധർ പരിശോധിക്കുക.

നേവി ഉദ്യോഗസ്ഥരാണ് വെടിവച്ചതെന്ന് ആരോപണമുള്ള സാഹചര്യത്തില്‍ നേവി ഉപയോഗിക്കുന്ന തോക്കുകളും അന്വേഷണ സംഘം പരിശോധിക്കും. വെടിവെപ്പ് നേവി ഉദ്യോഗസ്ഥര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും പൊലീസ് അത് കാര്യമായി മുഖവിലയ്ക്കെടുത്തിട്ടില്ല. നേവി ഉദ്യോഗസ്ഥര്‍ തന്നെ വെടിവച്ചതാണെന്ന സാധ്യതയാണ് പൊലീസ് പ്രധാനമായും കാണുന്നത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് മത്സ്യബന്ധനത്തിനിടെ കടലില്‍ വച്ച് വെടിയേറ്റത്.

പൊലീസ് നാവിക സേനയെ തന്നെ സംശയനിഴലിൽ നിർത്തുമ്പോൾ പരിശീലനം നടത്തുന്ന തോക്കിൽ നിന്നുളള ബുളളറ്റല്ല സംഭവം നടന്ന ബോട്ടിൽ നിന്ന് കിട്ടിയതെന്ന് നേവി അധികൃതർ അറിയിച്ചിരുന്നു. സൈനികർ ഉപയോഗിക്കുന്ന വിധത്തിലുളള ബുളളറ്റല്ല ഇതെന്നാണ് കൊച്ചി നാവിക കമാൻഡ് ഔദ്യോഗികമായി നിലപാട് എടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ വ്യക്തയ്ക്കുവേണ്ടിയാണ് ഫോർട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്.

ഇവിടെ പരിശീലനം നടത്തുന്ന തോക്കിലേതല്ല ബുളളറ്റെങ്കിൽ മറ്റ് സാധ്യതകൾ പരിശോധിക്കാനാണ് തീരുമാനം. മീൻപിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടലിൽവെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നേവിയാണ് വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. എന്നാൽ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ തീരദേശ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. ഫോർട്ടു കൊച്ചിയിൽ ഒന്നര കിലോമീറ്റർ മാറി കടലിലാണ് സംഭവം.

മീൻപിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31 പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തെ കാതിൽ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്‍റെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. നാവികസേന പരിശീലനം നടത്തുന്ന ഫോർട്ടു കൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയോട് ചേർന്ന മേഖലയിലാണ് സംഭവം. ഇതോടെയാണ് നാവിക സേനയെന്ന് വെടിവെച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്.
 

click me!