എഴുത്തിന്റെ സുൽത്താന്‍ ഓര്‍മ്മയായിട്ട് 26 വര്‍ഷം; ബഷീർ സ്മരണ മനസ്സിൽ മതിയെന്ന് മക്കൾ

Web Desk   | Asianet News
Published : Jul 05, 2020, 09:24 AM ISTUpdated : Jul 05, 2020, 09:30 AM IST
എഴുത്തിന്റെ സുൽത്താന്‍ ഓര്‍മ്മയായിട്ട് 26 വര്‍ഷം; ബഷീർ സ്മരണ മനസ്സിൽ മതിയെന്ന് മക്കൾ

Synopsis

അകത്തെ മുറിയിൽ ബഷീർ ഓർമ്മകളുടെ ശേഖരം. കഥാകാരന്‍റെ അദൃശ്യസാന്നിധ്യമായി ചാരുകസേരയും കണ്ണടയും പാട്ടുപ്പെട്ടിയും പിന്നെയുമേറെ. പുറത്ത് കഥകളുടെ സുൽത്താന്‍റെ ലോകമായിരുന്ന മാങ്കോയിസ്റ്റിൻ ചുവട്. 

മലയാളത്തിന്‍റെ വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്ന് 26 വർഷം. മലയാള സാഹിത്യത്തിൽ‌ പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെ, വാക്കുകളുടെ മാന്ത്രികനായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ. എല്ലാ വർഷവും ഈ ദിനം ബഷീറിനെ സ്നേഹിക്കുന്നവരുടെ സം​ഗമ വേദിയായി മാറാറുണ്ട്. എന്നാൽ ഇത്തവണ അങ്ങനെയല്ല. കൊവിഡ് കാരണം ഓർമ്മദിനം വിപുലമായി ആഘോഷിക്കേണ്ടെന്ന തീരുമാനത്തിലാണ് മക്കളും ആരാധകരും.

ലോകമാകെ സഞ്ചരിച്ച് സ്വരൂപിച്ച ഇച്ചിരിപിടി ഓർമ്മകളെ നല്ല ചപ്ലാച്ചി ഭാഷയിൽ ബഷീർ കുത്തിക്കുറിച്ചയിടമാണ്, ബേപ്പൂർ സുൽത്താന്‍റെ വൈലാലിലെ വീട്. ലോകത്തെ സർവചരാചരങ്ങൾക്കുമായെഴുതിയ കഥാകാരന്‍റെ ഓർമ്മകളിവിടെയുണ്ട്. അകത്തെ മുറിയിൽ ബഷീർ ഓർമ്മകളുടെ ശേഖരം. കഥാകാരന്‍റെ അദൃശ്യസാന്നിധ്യമായി ചാരുകസേരയും കണ്ണടയും പാട്ടുപ്പെട്ടിയും പിന്നെയുമേറെ. പുറത്ത് കഥകളുടെ സുൽത്താന്‍റെ ലോകമായിരുന്ന മാങ്കോയിസ്റ്റിൻ ചുവട്. ബഷീറിനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇടമായ മാങ്കോസ്റ്റിൻ ചുവടിനെക്കുറിച്ചും പറയാതെ വയ്യ. 

നര്‍മവും വിമര്‍ശനവും കലര്‍ന്ന ശൈലിയിലൂടെ ബഷീര്‍ ജീവിതയാഥാര്‍ഥ്യങ്ങളെ വരച്ചിട്ട ഓരോ കൃതിയും മലയാള ഭാഷയിലെ വിസ്മയങ്ങളായി മാറി. ഇമ്മിണി ബല്യ ഒന്നും, വിശ്വവിഖ്യാതമായ മൂക്കും, പാത്തുമ്മയുടെ ആടും, സ്ഥലത്തെ പ്രധാന ദിവ്യനുമെല്ലാം മലയാളിക്ക് സമ്മാനിച്ചത് വ്യത്യസ്തമായ ഒരു വായനാനുഭവം തന്നെയായിരുന്നു. ഒരു പുതിയ ഭാഷ തന്നെ സൃഷ്ടിക്കാൻ ബഷീറിന് കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. എഴുത്തിൽ വിശ്വസാഹിത്യത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും നാട്ടിൽ സാധാരണക്കാരനായിട്ടായിരുന്നു ബഷീറിന്റെ ജീവിതം. വീട്ടിലെത്തുന്നവരെയെല്ലാം സത്കരിച്ചേ വിടുകയുണ്ടായിരുന്നുള്ളൂ. 

ഇത്തവണ കൊവിഡ് കാലത്ത് ഓർമ്മ ദിനം എത്തിയപ്പോൾ ബഷീറിന്‍റെ മക്കൾ സങ്കടത്തോടെ എല്ലാവർക്കും എഴുതി. ബഷീർ സ്മരണ ഈ കെട്ടകാലത്ത് മനസ്സിൽ മതി. അതിനാൽ സാധാരണ ആയിരങ്ങളെത്തുന്നയിടം ഏതാനും ചിലരിലേക്ക് ചുരുങ്ങും. ഭൂഗോളത്തിന്‍റെ സൃഷ്ടികളുടേയും ഭൂമിയുടെ അവകാശികളുടേയും കഥ പറഞ്ഞ് ചിരിയും ചിന്തയും ഒരുമിച്ച് പകർത്തിയ കഥാകാരൻ ഈ അസാധാരണ കാലത്തും വായനക്കാർക്കിടയിൽ നല്ല സ്റ്റൈലായി തന്നെ ജീവിക്കുന്നു. വായിച്ചാലും വായിച്ചാലും മതിവരാത്ത കഥകളായി, കഥാപാത്രങ്ങളായി.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്