വാഗമണിൽ ലഭിച്ചത് 314 മില്ലിമീറ്റർ മഴ; 28 വില്ലേജുകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; കനത്ത പെയ്ത്തിൽ വിറങ്ങലിച്ച് കോട്ടയം

Published : Aug 01, 2026, 10:09 PM IST
Kottayam Rain News

Synopsis

കോട്ടയം ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ഉയരുന്നുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ വാഗമണിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 314 മില്ലിമീറ്റർ മഴയാണ് വാഗമണിൽ ലഭിച്ചത്.

കോട്ടയം: കോട്ടയം ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വാഗമണിൽ. 314 മില്ലിമീറ്റർ മഴയാണ് വാഗമണിൽ പെയ്തിറങ്ങിയത്. മേച്ചാലിൽ 218 മില്ലിമീറ്ററും പൂഞ്ഞാർ തെക്കേക്കരയിൽ 212.6 മില്ലിമീറ്ററും പാതാമ്പുഴയിൽ 179 മില്ലിമീറ്ററും കുമരകത്ത് 110 മില്ലിമീറ്ററും മഴ ലഭിച്ചു. ജില്ലയിൽ നിലവിൽ റെഡ് അലർട്ട് തുടരുകയാണ്. പുഴകളിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഞായറാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയിൽ മണ്ണിടിച്ചിലിൽ രണ്ടുപേരും വെള്ളക്കെട്ടിൽ വീണ് ഒരാളും മരണമടഞ്ഞു. പയ്യാനിത്തോട് ഉണ്ടായ ഉരുൾപൊട്ടലിൽ ജോസഫിൻ ജോണി (28), റെജിന ജോണി (48) എന്നിവരാണ് മരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങനാശേരി താലൂക്കിലെ തോട്ടക്കാട് ആണ് മുങ്ങിമരണം ഉണ്ടായത്. 11 വയസ്സുകാരനായ മിലൻ കെ ഷിനു ആണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലുള്ള കൂട്ടിക്കൽ, കൊടുങ്ങ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഇവിടങ്ങളിൽനിന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി. മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ട, പയ്യാനിത്തോട് തീക്കോയി 30 ഏക്കർ എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നുപേർക്ക് പരിക്കേറ്റു.

ജില്ലയിലെ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. മീനച്ചിൽ താലൂക്കിന്റെ പരിധിയിലുള്ള പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, തീക്കോയി, ഭരണങ്ങാനം, തലനാട്, മൂന്നിലവ്, ഈരാറ്റുപേട്ട, ളാലം, പുലിയന്നൂർ, മീനച്ചിൽ, പൂവരണി, കൊണ്ടൂർ എന്നിവിടങ്ങളിലും കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിലുള്ള കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി വടക്ക്, കോരുത്തോട്, എലിക്കുളം എന്നിവിടങ്ങളിലും ചങ്ങനാശേരി താലൂക്കിന്റെ പരിധിയിലുള്ള നെടുംകുന്നം, തോട്ടക്കാട്, വെള്ളാവൂർ, തൃക്കൊടിത്താനം, വാകത്താനം, കുറിച്ചി. കോട്ടയം താലൂക്കിന്റെ പരിധിയിലുള്ള അയ്മനം, അതിരമ്പുഴ, പുതുപ്പള്ളി, അയർക്കുന്നം, കൂരോപ്പട എന്നിവിടങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി.

കനത്ത മഴയിൽ മൂന്നു വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിലെ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിൽ നിന്നുള്ള 567 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ജില്ലയിലെ മണ്ണിടിച്ചിൽ സാധ്യതാപ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദികളിലെ ജലനിരപ്പ് മുന്നറിയിപ്പു നില കടന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

ഞായറാഴ്ച അവധി

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ നാളെ (ഓഗസ്റ്റ് 2 ഞായര്‍) അവധി പ്രഖ്യാപിച്ചു. മലയോര മേഖകളില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിശക്തമായ മഴ തുടരും; നാളെ 12 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത
സ്പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; ആറ് ജില്ലകളില്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും മതബോധന ക്ലാസുകള്‍ക്കും നാളെ വിലക്ക്