
കാസര്‍കോട്: രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് കാസർകോട് തുടക്കം. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ കാലിക്കട് മിനി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷണിക്കപ്പെട്ട അഞ്ഞൂറുപേരുമായി മുഖ്യമന്ത്രയും മന്ത്രിമാരും സംവദിച്ചു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.
കാസര്‍കോട് നിന്ന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാമെന്ന് തീരുമാനിച്ചതിന് ഒട്ടെറെ കാരണങ്ങളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ പാത വികസനമടക്കം സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം പ്രസംഗം നടത്തിയത്. കാസര്‍കോടിന് ഒരുപാട് പ്രത്യേകതകളുണ്ട്. ആദ്യ സര്‍ക്കാരിന് നേതൃത്വം നൽകിയ സഖാവ് ഇഎംഎസ് തെരഞ്ഞെടുക്കപ്പെട്ടത് നീലേശ്വരം മണ്ഡലത്തിൽ നിന്നാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത്തരമൊരു സര്‍ക്കാരിന് നേതൃത്വം കൊടുത്ത ഇഎംഎസ് മത്സരിച്ച മണ്ണിൽ തന്നെ ഈ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കാൻ കഴിയുന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണെന്ന് പിണറായി പറഞ്ഞു.
കേരളീയരാകെ ശപിച്ചുകൊണ്ടിരുന്ന ഒരു കാലത്തിന് അറുതിവരുത്തിയാണ് 2016ൽ എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. 2016ൽ തകര്‍ന്നടിഞ്ഞുകിടന്നിരുന്ന ഒരു നാടിന്‍റെ ഭരണസാരഥ്യമാണ് ജനങ്ങള്‍ എൽഡിഎഫിനെ ഏൽപ്പിച്ചത്. അത് ഈ നാടിനെ കാലോചിതമായി മാറ്റിതീര്‍ക്കണമെന്നും മറ്റു പ്രദേശങ്ങളിൽ ലഭിക്കുന്ന വികസനം ഇവിടെയും വേണെന്നും ആഗ്രഹിച്ചാണ് ജനങ്ങള്‍ ഭരണം നൽകിയത്. ഇത്തരത്തിലുള്ള ഒരു ദൗത്യമാണ് എൽഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ ഏൽപ്പിച്ചത്. ആ ദൗത്യം നിറവേറ്റാൻ തുടങ്ങിയപ്പോള്‍ ഒരുപാട് പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്.
ഒട്ടെറെ പ്രകൃതി ദുരന്തങ്ങളും മാരകമായ പകര്‍ച്ച വ്യാധികളുമെല്ലാം പ്രതിസന്ധിയായി. ഇതെല്ലാം നാടിനെ കൂടുതൽ തകര്‍ച്ചയിലേക്ക് നയിക്കും വിധമുള്ളതായിരുന്നു. എന്നാൽ, അങ്ങനെ സംഭവിക്കാതെ നാം അതിജീവിച്ചു. നിപയും ഓഖിയും 2018ലെ മഹാപ്രളയവും 2019ലെ കാലവര്‍ഷക്കെടുതിയുമെല്ലാം അതിജീവിച്ചുവരുന്നതിനിടെയാണ് കൊവിഡ് ആക്രമണം ഉണ്ടാകുന്നതെന്നും ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോയതെന്നും പിണറായി വിജയൻ പറഞ്ഞു. ദേശീയപാത നിര്‍മാണം ഇപ്പോള്‍ പൂര്‍ത്തിയാകും. ഉദ്ഘാടനം കഴിഞ്ഞാൽ യാത്ര കൂടുതൽ സുഗമമാകും. 2016ലെ സര്‍ക്കാര്‍ തന്നെ 2021ൽ തുടര്‍ന്നതിനാലാണ് ഇന്ന് ദേശീയ പാത വികസനം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
കേന്ദ്രത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി
ദുരന്തങ്ങളിലും മഹാമാരികളിലും ഒരു ഘട്ടത്തിലും കേരളത്തിന് കേന്ദ്ര സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലഭിക്കുന്ന സഹായം തന്നെ തടയുന്ന നിലയുണ്ടായി.
കേരളം തകരട്ടെയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചെങ്കിലും രാജ്യത്തിന് മുന്നിൽ നമ്പർ വൺ എന്ന അവാർഡുകൾ കേന്ദ്രത്തിന് തന്നെ നൽകേണ്ടി വന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.കേന്ദ്രത്തോട് ഒപ്പം ചേർന്ന് ഇടത് വിരുദ്ധ നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
ക്ഷണിക്കപ്പെട്ടവരുമായി സംവാദം
എന്‍റെ കേരളം പ്രദർശന വിപണന മേളയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും പങ്കെടുത്തു. ക്ഷണമുണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് ഉൾപ്പെടെ യുഡിഎഫ് പ്രതിനിധികൾ ബഹിഷ്കരിച്ചു.പടന്നക്കാടായിരുന്നു ക്ഷണിക്കപ്പെട്ട അഞ്ഞൂറു പേരുമായി മുഖ്യമന്ത്രിയുടെ സംവാദം നടന്നത്. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, വ്യവസായ പ്രമുഖർ, സമുദായ നേതാക്കൾ തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർ പങ്കെടുത്തു. വൈകിട്ട് കാഞ്ഞങ്ങാട് എൽഡിഎഫ് റാലിയും നടക്കും. മെയ് 23 വരെയാണ് സർക്കാർ വാർഷിക ആഘോഷം. നാളെ വയനാട് ജില്ലാ തല പരിപാടി. ആറു മേഖല യോഗങ്ങളുമുണ്ടാകും. എല്ലാത്തിലും മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും.പിണറായി സര്‍ക്കാരിന്‍റെ ഭരണതുടര്‍ച്ച ലക്ഷ്യമിട്ടുള്ള ആഘോഷ പരിപാടികള്‍ക്കാണ് തുടക്കമായത്.
ട്രംപിന്‍റെ തീരുവ യുദ്ധത്തിനിടെ നിർണായക സന്ദർശനം; അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് ഇന്ത്യയിൽ