
കോഴിക്കോട്: പൊലീസുകാരെന്ന വ്യാജേനെയെത്തി എംഎം അലി റോഡിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. മലപ്പുറം കരുവാരക്കുണ്ടിൽ നിന്നാണ് 3 പേരെ കസ്റ്റഡിയിൽ എടുത്തത്. യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് സൂചന. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
കോഴിക്കോട് എംഎം അലി റോഡിൽ പ്രവർത്തിക്കുന്ന കെപി ട്രാവൽസ് എന്ന സ്ഥാപനത്തിലെ മുൻ മാനേജറായ കല്ലായി സ്വദേശിയായ ബിജുവിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പൊലീസുകാർ എന്ന വ്യാജേനെയെത്തിയവരാണ് തട്ടിക്കൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് കേസെടുത്ത് അന്വേഷിക്കുന്ന കസബ പൊലീസിന്റെ സംശയം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവമുണ്ടായത്. KL 10 AR 0486 എന്ന വാഹനത്തിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. കടയുടെ മുന്നിൽവെച്ചാണ് സംഭവം നടന്നതെന്നതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്നും മാനേജർ നിധിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.