പള്ളി നിർമാണത്തിൽ അഴിമതി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

By Web TeamFirst Published Sep 26, 2022, 5:34 PM IST
Highlights

മട്ടന്നൂർ ടൗൺ ജുമാ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികളെ അറസ്റ്റ് ചെയ്തത്

കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി അടക്കം മൂന്ന് പേർ അറസ്റ്റിൽ. മട്ടന്നൂർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. മൂന്ന് പേരെയും ഓരോ ലക്ഷം രൂപ സ്റ്റേഷൻ ജാമ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വിട്ടയച്ചു.

അബ്ദുൾ റഹ്മാൻ കല്ലായിക്കൊപ്പം കോൺഗ്രസ് നേതാവ് എം.സി.കുഞ്ഞമ്മദ്, യു.മഹ്റൂഫ് എന്നിവരെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ഒൻപത് മണി മുതൽ ചോദ്യം ചെയ്യൽ തുടങ്ങിയിരുന്നു. മട്ടന്നൂർ ടൗൺ ജുമാ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തത്. 2011 മുതൽ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവർക്ക് എതിരെയായിരുന്നു പരാതി. വഖഫ്‌ ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ നിർമാണ പ്രവൃത്തിയിൽ കോടികളുടെ വെട്ടിപ്പ്‌ നടന്നതായാണ്‌ പരാതി. 3 കോടി ചെലവായ നിർമ്മാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കിൽ കാണിച്ചതെന്ന് പരാതിയിൽ പറയുന്നു. കണക്കിൽ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്.

മുൻകൂർ ജാമ്യം ലഭിച്ചിരുന്ന പ്രതികൾ മൂന്നു പേരും മട്ടന്നൂർ സിഐ എം.കൃഷ്ണന് മുമ്പാകെയാണ് രാവിലെ ഹാജരായത്. ജമാഅത്ത് കമ്മറ്റി ജനറൽ ബോഡി അംഗം മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം.പി.ശമീറാണ് പരാതിക്കാരൻ.  എന്നാൽ ആരോപണം കെട്ടിച്ചമച്ചതാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നുമാണ് അബ്ദുൾ റഹ്മാൻ കല്ലായി അടക്കമുള്ളവർ പറയുന്നത്. നേരത്തെ തന്നെ കണക്കുകൾ കമ്മറ്റിക്ക് മുന്നിൽ ഹാജരാക്കിയതാണെന്നും ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും പ്രതികൾ പറയുന്നു. നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ ചോദ്യം ചെയ്ത് ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇത് പ്രകാരമാണ് പ്രതികളെ വിട്ടയച്ചത്. അതേസമയം രേഖകളുമായി നാളെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

 

click me!