'ആര് കാക്കും ഗേറ്റിനെ'?; പാലക്കാട് ചെർപ്പുളശ്ശേരിയിൽ കള്ളന്മാർക്ക് പ്രിയം ഗേറ്റുകൾ 

By Web TeamFirst Published Sep 26, 2022, 5:00 PM IST
Highlights

മോഷണം പോയ ഗേറ്റുകൾ ഏറെയും ഇടത്തരം വലുപ്പമുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം കള്ളൻമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പിലെ  വീടുകളിൽ ഗേറ്റ് മോഷണം വ്യാപകമാകുന്നു. ഒരാഴ്ചയ്ക്കിടെ മോഷണം പോയത് 10 വീടുകളിലെ ഇരുമ്പ് ഗേറ്റുകളാണ്. സംഭവത്തിൽ ചെർപ്പുളശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പിൽ ഇപ്പോൾ പല വീടുകൾക്കും ഗേറ്റില്ല. ചുറ്റുമതിലുകൾക്കൊപ്പം വീടിനെ കാത്തിരുന്ന ഗേറ്റാണ് ഇപ്പോൾ കള്ളന്മാർക്ക് വേണ്ടത്.
ആദ്യ കാലത്ത് കള്ളന്മാർ ലക്ഷ്യമിട്ടിരിന്നത്, വീടുകളില്ലാത്ത പറമ്പുകളുടെ ഗേറ്റുകളായിരുന്നു. അതുകൊണ്ടു തന്നെ പരാതിക്കാർ കുറവായിരുന്നു എന്നാൽ ഹരം പിടിച്ച കള്ളന്മാർ വീടുകളുടെ ഗേറ്റുകളിലും കൈവച്ചതോടെ നാട്ടുകാർ അങ്കലാപ്പിലായി. രാത്രി താഴിട്ടു പൂട്ടിയ ഗേറ്റുകൾ രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ കാണുന്നില്ല. ഇതെന്തു മറിമായമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പ്രദേശത്തെ പലരുടെയും വീട്ടുമുറ്റത്തെ ഗേറ്റ് നഷ്ടമായത് അറിയുന്നത്. ഉറങ്ങിയിരുന്നവരെല്ലാം ഉണർന്നു. പരാതിയായി. പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം പോയ ഗേറ്റുകൾ ഏറെയും ഇടത്തരം വലുപ്പമുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം കള്ളൻമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എന്തായാലും ഗേറ്റ് മോഷണം പോകുമോ എന്ന ആശങ്ക ശക്തമായാതോടെ, വീടിനെ കാക്കാൻ ഉണ്ടാക്കിയ ഗേറ്റിനെ കാക്കാൻ ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. 
 

click me!