
വയനാട്: ഇഷ്ടപ്പെട്ട വിഷയത്തിൽ ഹയർ സെക്കൻഡറി പ്രവേശനം ലഭിക്കാത്തതിനാൽ പഠനം പാതിവഴിയിൽ മുടങ്ങിയ ജില്ലയിലെ 35 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികൾക്ക് തുണയായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപടൽ. പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടി സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളിൽ പ്രവേശനത്തിന് അപേക്ഷ നൽകുകയും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്കാണ് ഇഷ്ട വിഷയങ്ങളിൽ പ്രവേശനം ഉറപ്പാക്കി സ്കൂളിലേക്കുള്ള വഴിതുറന്നത്. കുട്ടികൾക്ക് താത്പര്യമുള്ള വിഷയത്തിൽ അതത് സ്കൂളുകളിൽ അധിക സീറ്റുകൾ സൃഷ്ടിച്ച് ഇവര്‍ക്ക് പ്രവേശനം നൽകാനാണ് മന്ത്രിയുടെ നിര്‍ദേശം. ഇതനുസരിച്ച് ഹയര്‍ സെക്കൻഡറി വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഉത്തരവിറക്കി.
ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള മൂന്ന് അലോട്ട്മെന്‍റുകളും സപ്ലിമെൻ്ററി ഘട്ടത്തിൽ രണ്ട് അലോട്ട്മെൻ്റകളും സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്‌ഫർ അലോട്ട്മെന്‍റും പൂർത്തിയായി പ്രവേശന നടപടികൾ അവസാനിച്ചിരുന്നു. ഇതിന് ശേഷമാണ് സുൽത്താൻ ബത്തേരി താലൂക്കിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ച വിഷയം മന്ത്രിയുടെ ശ്രദ്ധയിലെത്തിയത്. പഠിക്കാൻ താത്പര്യമുള്ള വിഷയത്തിൽ പ്രവേശനം ലഭിക്കാത്തതിനാൽ കുട്ടികളുടെ തുടര്‍പഠനം പാതി വഴിയിൽ മുടങ്ങുകയായിരുന്നു
പിന്നാക്ക സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ പ്രവേശന വിവരങ്ങൾ വിശദമായി പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഇതിന്റെ അടിസ്‌ഥാനത്തിൽ കുട്ടികളുടെ ഓൺലൈൻ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരുന്ന മൂന്ന് ഓപ്ഷനുകളിൽ ഒന്നിൽ അധിക സീറ്റ് സൃഷ്‌ടിച്ച് പ്രവേശനം അനുവദിച്ച് ഉത്തരവായി. കുട്ടികൾ പ്രവേശനത്തിനായി അപേക്ഷ നൽകിയ സ്കൂളുകളിൽ തന്നെയാണ് അധിക സീറ്റുകൾ സൃഷ്ടിച്ചത്.
ചീരാൽ ഗവ എച്ച്.എസ്.എസ്, കല്ലൂര്‍ ജി.എച്ച്.എസ്.എസ്, ആനപ്പാറ ജി.എച്ച്.എസ്.എസ്, നൂൽപ്പുഴ മൂലങ്കാവ് ജി.എച്ച്.എസ്.എസ്, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് എച്ച്.എസ്.എസ്, സര്‍വ്വജന വി.എച്ച്.എസ്.എസ്, അമ്പലവയൽ ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലാണ് അധിക സീറ്റുകൾ സർക്കാർ അനുവദിച്ചത്. സ്കൂൾ പ്രിൻസിപ്പൽമാര്‍ കുട്ടികളെ ബന്ധപ്പെട്ട് യോഗ്യതാ മാനദണ്ഡങ്ങൾ ഉറപ്പാക്കി പ്രവേശന നടപടികൾ പൂര്‍ത്തീകരിച്ച് പ്രവേശനം കേന്ദ്രീകൃത രജിസ്ട്രിയിൽ ഉൾപ്പെടുത്താൻ ഹയര്‍സെക്കൻഡറി അക്കാദമിക വിഭാഗം ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.