
കൊച്ചി: മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് കെഎംആർഎൽ ഡിഎംആർസിക്ക് കുടിശ്ശികയായി നൽകാനുള്ളത് 350 കോടി രൂപ. ഒരു വർഷമായി തുക അനുവദിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് കാരണം. സാമ്പത്തിക പ്രതിസന്ധി തൽക്കാലം നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് കെഎംആർഎൽ പറയുന്നത്.
കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ പേട്ട വരെയുള്ള നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഡിഎംആർസിക്ക് 350 കോടിയോളം രൂപ ലഭിക്കാനുള്ളത്. സംസ്ഥാന സർക്കാരിൽ നിന്നും കെഎംആഎൽ വഴിയാണ് പണം കൈമാറുന്നത്. കരാർ ആനുസരിച്ച് നിർമ്മാണത്തിനുള്ള മൂന്നു മാസത്തെ പണം മുൻകൂറായി നൽകേണ്ടതാണ്.
ഒരു വർഷത്തോളമായി കൃത്യമായി പണം കൈമാറുന്നില്ലെന്നാണ് ഡിഎംആർസി വ്യക്തമാക്കുന്നത്. ഡിഎംആർസിക്കായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കരാറുകാർക്കും ഇതേ തുടർന്ന് പണം നൽകാനാവുന്നില്ല. ദില്ലി ഓഫീസിൽ നിന്നുള്ള പണമെടുത്താണ് കൊച്ചിയിലെ പണികൾ ഇപ്പോൾ നടത്തുന്നത്. എന്നാൽ ഒരു പരിധിയിൽ കൂടുതൽ പണം അവിടെ നിന്നും ഇതിനായി എടുക്കാനാകില്ല.
നാമ മാത്രമായ തുക മാത്രമാണ് സർക്കാർ ഇപ്പോൾ നൻകുന്നത്. മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയാക്കി ജൂൺ മാസത്തോടെ കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാണ് ഡിഎംആർസി ആലോചിക്കുന്നത്.
കരാർ തുക അനുവദിക്കുന്നതിൽ കാലതാമസം തുടർന്നാൽ നിർമ്മാണ പ്രവർത്തനങ്ങളെയും ബാധിക്കാനിടയുണ്ട്. അതേസമയം, കുടിശ്ശിക കാരണം നിർമ്മാണ പ്രവർത്തനം തടസ്സപ്പെടില്ലെന്നും സർക്കാറിൽ നിന്ന് പണം ലഭിക്കാത്തതാണ് പ്രതിസന്ധിയുടെ കാരണമെന്നും കെഎംആർഎൽ അറിയിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam