തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ്; നാല് പ്രതികള്‍ക്കും ജാമ്യം, ഡിആര്‍ഐക്ക് വിമര്‍ശനം

By Web TeamFirst Published Jul 2, 2019, 1:39 PM IST
Highlights

വ്യവസ്ഥകളോടെ കോടതി നാല് പ്രതികള്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കേസിന്‍റെ പേരില്‍ ബിജുവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ചത് തെറ്റായ നടപടിയാണെന്ന് കോടതി വിമര്‍ശിച്ചു. 

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ജാമ്യാപേക്ഷ നൽകിയ നാല് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിശ്ചിതവ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസിലെ നാല് പ്രതികളാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ ഏഴാം പ്രതി ബിജു ഒഴികെയുള്ളവര്‍ക്ക് കടുത്ത വ്യവസ്ഥയില്‍ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഡി.ആര്‍ഐ കോടതിയില്‍ പറഞ്ഞത്. ബിജുവാണ് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ എന്നും ഡിആർഐ കോടതിയെ അറിയിച്ചു. എന്നാല്‍, വ്യവസ്ഥകളോടെ കോടതി നാല് പ്രതികള്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.  ഓരോരുത്തരും 35000 രൂപ കെട്ടിവയ്ക്കണം,വേറെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുത്,തിരുവനന്തപുരം സെഷൻസ് പരിധി വിട്ട് പോകരുത്,അന്വേഷണവുമായി സഹകരിക്കണം,സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയവയാണ് വ്യവസ്ഥകൾ.

കേസിന്‍റെ പേരില്‍ ബിജുവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ചത് തെറ്റായ നടപടിയാണെന്ന് കോടതി വിമര്‍ശിച്ചു. പ്രതിയല്ലാത്ത ഒരാളെ എന്തിന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ചു എന്നാണ് കോടതി ചോദിച്ചത്. മുമ്പ് സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായിട്ടുണ്ട് എന്ന കാരണത്താല്‍ ഈ കേസില്‍ പ്രതി ചേര്‍ക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു.
 

click me!