ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തള്ളി. സീറ്റ് വിഭജനം പൂർത്തിയാകാതെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കില്ലെന്ന് സതീശൻ വ്യക്തമാക്കി

കണ്ണൂർ: ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബേപ്പൂരിൽ അൻവറിനെ യു ഡി എഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർത്ഥത്തിലാണ് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശൻ വിവരിച്ചു. സ്ഥാനാർഥി നിർണ്ണയത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് ഇതിലൂടെ പ്രതിപക്ഷ നേതാവ് നൽകുന്നത്. അൻവറിന്‍റെ കാര്യത്തിൽ യു ഡി എഫിൽ ഇനിയും ചർച്ചകൾ നടക്കുമെന്ന് കൂടിയാണ് സതീശൻ നൽകുന്ന സന്ദേശം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വർഗീയതയോട് കോംപ്രമൈസ് ഇല്ല

വർഗീയതയുമായി താൻ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും വി ഡി സതീശൻ ആവർത്തിച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ എസ് എസും തനിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ തന്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. തന്നോടുള്ളത് വ്യക്തിപരമായ വിരോധമാണെങ്കിൽ കോൺഗ്രസിനോടോ യു ഡി എഫിനോടോ അവർക്ക് വിരോധമില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. വർഗീയത ആര് പറഞ്ഞാലും അതിനെ എതിർക്കുമെന്നും മതേതര മനസ്സുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.