നാലാമത് ടിഎൻജി പുരസ്കാര പ്രഖ്യാപനം ഇന്ന്

By Web TeamFirst Published Jan 23, 2020, 8:37 AM IST
Highlights

ഇത്തവണ പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ പ്രയത്നിച്ചവർക്കാണ് പുരസ്കാരം. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് സമ്മാനം. 

തിരുവനന്തപുരം: പ്രശസ്ത മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റ‍ർ ഇൻ ചീഫുമായിരുന്ന ടി എൻ ഗോപകുമാറിന്‍റെ സ്മരണാർത്ഥം ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് വാർത്താ വേളയിൽ എഡിറ്റർ എം ജി രാധാകൃഷ്ണനാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. 

ഇത്തവണ പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ പ്രയത്നിച്ചവർക്കാണ് പുരസ്കാരം. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് സമ്മാനം. ടി എൻ ഗോപകുമാറിന്റെ ചരമ വാർഷിക ദിനമായ ഈ മാസം 30 നാണ് സമ്മാനദാനം നടക്കുക. നാലാമത് ടിഎൻജി പുരസ്കാരമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ ഏഷ്യാനെറ്റ് ന്യൂസ് ടിഎൻജിയുടെ സ്മരണാർത്ഥം നൽകുന്നതാണ് ടിഎൻജി പുരസ്കാരം.

സമൂഹമനസ്സിനെ തൊട്ട വാർത്തകളിലൂടെ കേരളത്തിൽ തലയെടുപ്പോടെ നിന്ന മാധ്യമപ്രവർത്തകനായിരുന്നു ടി എൻ ഗോപകുമാര്‍. വാർത്തകൾക്കൊപ്പം നടക്കാൻ ടിഎൻജി ഇല്ലാതായിട്ട് നാല് വർഷം കഴിയുന്നു. സാന്ത്വന ചികിത്സാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം ആർ രാജഗോപാൽ, സ്വന്തം വയ്യായ്കകള്‍ മറന്ന് തന്നേക്കാൾ ദൈന്യത അനുഭവിക്കുന്നവരെ സഹായിക്കാൻ കാസർകോട് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം നടത്തുന്ന എം എം ചാക്കോ, നിപ്പ ബാധിതരെ ശുശ്രൂഷിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനി എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ അവാർഡ്. 

click me!