വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടി; കെപിസിസി പുനഃസംഘടന പട്ടികയിൽ ഹൈക്കമാൻഡിന് അതൃപ്തി

By Web TeamFirst Published Jan 23, 2020, 7:35 AM IST
Highlights

പട്ടിക നൽകിയ ശേഷവും നേതാക്കളെ വീണ്ടും ഹൈക്കമാൻഡ് ചർച്ചക്ക് വിളിച്ചു. ഹൈക്കമാൻഡ് എതിർപ്പറിയിച്ച പശ്ചാത്തലത്തിൽ ഇന്നും ചർച്ച തുടരും.

ദില്ലി: കെപിസിസി പുനഃസംഘടന പട്ടികയിൽ വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതിൽ ഹൈക്കമാൻഡിന് അതൃപ്തി. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വർക്കിംഗ് പ്രസിഡന്റുമാരെന്നും എണ്ണം കുറയ്ക്കാനാകുമോയെന്നും ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആരാഞ്ഞു. ആറ് പേരുടെ പട്ടികയാണ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നൽകിയത്. പട്ടിക നൽകിയ ശേഷവും നേതാക്കളെ വീണ്ടും ഹൈക്കമാൻഡ് ചർച്ചക്ക് വിളിച്ചു. ഹൈക്കമാൻഡ് എതിർപ്പറിയിച്ച പശ്ചാത്തലത്തിൽ ഇന്നും ചർച്ച തുടരും.

130 പേരടങ്ങുന്ന മഹാ ജംബോ പട്ടികയാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി നൽകിയത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ആറ് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും 13 വൈസ് പ്രസിഡന്‍റുമാരും 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും അടങ്ങുന്ന ജംബോ ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. 

കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ധിഖ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റാവുന്നതാണ് ഭാരവാഹി പട്ടികയിലെ പുതിയ കൗതുകം. വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, പിസി വിഷ്ണുനാഥ്, കെ സുധാകരന്‍, കെവി തോമസ് എന്നിവരെയാണ് നേരത്തെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി നിയമിച്ചത്. നേതൃനിരയില്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണം എന്ന വാദമുന്നയിച്ച് എ ഗ്രൂപ്പ് നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ടി സിദ്ധിഖ് വര്‍ക്കിംഗ് പ്രസി‍ഡന്‍റാവാന്‍ കളമൊരുങ്ങിയത്. ടി സിദ്ദിഖിന് പകരം യു രാജീവൻ മാസ്റ്റർ കോഴിക്കോട് ഡി സി സി പ്രസിഡന്റാകും എന്നാണ് സൂചന. തൃശ്ശൂരില്‍ മുന്‍ എംഎല്‍എ എം വിന്‍സന്‍റ് ഡിസിസി അധ്യക്ഷനാവാനാണ് സാധ്യത. 

Also Read: കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക: ടി.സിദ്ധിഖും വര്‍ക്കിംഗ് പ്രസിഡന്‍റാവും

click me!