
തിരുവനന്തപുരം: വിവാഹ മോചന കേസിൽ ഒത്തുതീർപ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം പത്താംകല്ല് വി.ഐ.പി ജംഗ്ഷൻ സുലേഖ മൻസിലിൽ അഡ്വ.യു.സുലേഖ (57), കരിപ്പൂർ കാരാന്തല പാറമുകൾ വീട്ടിൽ നിന്ന് പുലിപ്പാറ സിജ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന വി.അരുൺ ദേവ് (52) എന്നിവരെയാണ് നെടുമങ്ങാട് പൊലീസിൻ്റെ അന്വേഷണ സംഘം തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. സുലേഖയെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിനാണ് അരുൺ പിടിയിലായത്.
കേസിലെ മറ്റൊരു പ്രതിയായ സുലേഖയുടെ ഭർത്താവ് ഒളിവിലാണ്. വിവാഹ മോചനവുമായി ബന്ധപ്പെട്ട കുടുംബ കോടതി മധ്യസ്ഥ നടപടിക്കിടെ, കേസിലെ കക്ഷിയായ നെടുമങ്ങാട് ഐക്കരവിളാകം സ്വദേശി നൽകിയ 40 ലക്ഷം രൂപ എതിർ കക്ഷിക്ക് കൈമാറാതെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് കേസ്. 2025 ജൂലൈയിൽ ഐക്കരവിളാകം സ്വദേശി 40 ലക്ഷം രൂപ അഭിഭാഷകയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. ഈ അക്കൗണ്ടിൽ 28.80 ലക്ഷം രൂപയാണ് ഇപ്പോൾ ബാക്കിയുള്ളത്.
പ്രൊഫഷണൽ അച്ചടക്കം ലംഘിച്ചതിനെ തുടർന്ന് അഭിഭാഷക നിയമം 1961 പ്രകാരം കേരള ബാർ കൗൺസിലിൽ സുലേഖക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സമാനമായ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികൾ മുമ്പും ഇവർക്കെതിരെ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇപ്പോഴത്തെ കേസിൽ ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എങ്കിലും 10 ദിവസത്തിനുള്ളിൽ തുക തിരികെ നൽകുമെന്ന അഭിഭാഷകയുടെ അഭ്യർഥന പരിഗണിച്ച് അറസ്റ്റ് നടപടി താത്കാലികമായി തടഞ്ഞു. സമയപരിധി പലതവണ ലംഘിച്ചതോടെ അന്വേഷണം ശക്തിപ്പെടുത്താൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലങ്ങളിലെ ആവർത്തിച്ച വ്യത്യാസങ്ങൾ കോടതിയെ അവഹേളിച്ചതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam