ബെവ്കോയിൽ വഴിവിട്ട നിയമനം; ഐഎൻടിയുസി നേതാക്കളുടെ ബന്ധുക്കൾ ഉൾപ്പെടെ 426 പേരെ സ്ഥിരപ്പെടുത്തി

By Web TeamFirst Published May 14, 2022, 9:11 AM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര ... കുപ്പിയിലാക്കിയ നിയമനങ്ങള്‍; രണ്ട് നേതാക്കളുടെ കുടുംബങ്ങളിൽ നിന്നായി ജോലി ലഭിച്ചത് 13 പേർക്ക്

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ബെവറേജസ് കോര്‍പ്പറേഷനിൽ സ്ഥിരപ്പെടുത്തിയ പുറംകരാറുകാരായ 426 ലേബലിങ് തൊഴിലാളികളിൽ  പലരും യൂണിയൻ നേതാക്കളുടെ ബന്ധുക്കള്‍. വയനാട്ടിലെ രണ്ട് യൂണിയന്‍ നേതാക്കളുടെ കുടുംബത്തില്‍ നിന്ന് മാത്രം ഒറ്റയടിക്ക് സ്ഥിരപ്പെടുത്തിയത് 13 പേരെയാണ്. ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്ക് സമാനമായ ശമ്പള സ്കെയിലിൽ ആണ് 2018ൽ ഇവരെ  സ്ഥിരപ്പെടുത്തിയത്.  

മദ്യക്കുപ്പികള്‍ക്ക് ലേബലൊട്ടിക്കാനുള്ള കരാര്‍ ജോലികൾക്കായി നിയോഗിച്ചിരുന്നത് വനിതകളുടെ കുടുംബശ്രീ പോലുള്ള സംഘടനകളെയായിരുന്നു. ഇത്തരത്തിൽ ജോലി ചെയ്തിരുന്നവരെയാണ് ഹൈക്കോടതി വിധിയുടെ മറവിൽ സ്ഥിരപ്പെടുത്തിയത്. 30 വര്‍ഷം ലേബല്‍ ഒട്ടിച്ചവരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാൽ ഇതിന്റെ മറവിൽ ഒരു വര്‍ഷം പോലും ജോലി ചെയ്യാത്തവരെ സ്ഥിരപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തെ 20 ബെവ്കോ വെയര്‍ ഹൗസുകളിലായാണ് ഇവർക്ക് നിയമനം നൽകിയത്. 

വയനാട്ടിൽ രണ്ട് ഐഎന്‍ടിയുസി നേതാക്കളുടെ കുടുംബത്തില്‍ നിന്ന് മാത്രം 13 പേര്‍ ഈ നടപടിയിലൂടെ സ്ഥിരം ജീവനക്കാരായി മാറി. ബെവ്കോയിലെ ഐഎന്‍ടിയുസി യൂണിയന്റെ സംസ്ഥാന നേതാവ് പ്രഹ്ളാദന്‍റെ വീട്ടില്‍ നിന്ന് മാത്രം 9 പേര്‍ക്ക് സ്ഥിര നിയമനം ലഭിച്ചു. പ്രഹ്ളാദന്‍റെ ഭാര്യ, സഹോദരിയും സഹോദര ഭാര്യമാരും അടക്കം അടുത്ത ബന്ധുക്കൾ എന്നിവർക്കായിരുന്നു നിയമനം. എല്ലാവരും വരവും പോക്കും ഒരുമിച്ച്. ജോലി നേടിയ 9 പേരും തന്‍റെ അടുത്ത ബന്ധുക്കളെന്ന് പ്രഹ്ലാദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു

പ്രഹ്ളാദന്‍റെ ഭാര്യ യമുനഭായിക്കാണ് ആദ്യം സ്ഥിരം നിയമനം കിട്ടിയത്. പിന്നാലെ സഹോദരന്‍മാരുടെ ഭാര്യമാരായ സുനിത, രതി, സീന, രജനി,  ദീപ എന്നിവരും സ്ഥിരപ്പെട്ടു. സ്ഥിരം നിയമനം കിട്ടിയ സഹോദരി ശാന്തകുമാരി വിരമിച്ചു. ഇതുകൂടാതെ രണ്ട് ഉറ്റബന്ധുക്കള്‍ക്കും പ്രഹ്ളാദന്‍ സ്ഥിരം നിയമനം തരപ്പെടുത്തിക്കൊടുത്തു.

പ്രഹ്ളാദനെ പോലെ ബെവ്കോ ഐഎന്‍ടിയുസി നേതാവായ ആന്‍റണിയും, ഭാര്യയടക്കം കുടുംബത്തിലെ നാലുപേര്‍ക്ക് സ്ഥിരനിയമനം തരപ്പെടുത്തി. ആന്റണിയുടെ ഭാര്യ ടീന, സഹോദരന്‍ ജോസിന്‍റെ ഭാര്യ ലില്ലി അടക്കം നാലുപേർക്ക് നിയമനം. പ്രഹ്ളാദനും ആന്‍റണിയും താല്‍ക്കാലിക ജീവനക്കാരായി ബെവ്കോയില്‍ കയറിയ ശേഷം സ്ഥിരനിയമനം കിട്ടിയവരാണ്. 

വയനാട്ടിൽ മാത്രം വെറും അഞ്ചുവര്‍ഷം കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 22 പേരെയാണ് ബെവ്കോ സ്ഥിരിപ്പെടുത്തിയത്. വര്‍ഷങ്ങളായി ലേബല്‍ ഒട്ടിച്ചവരുടെ നിവേദനങ്ങളും ഹൈക്കോടതി ഉത്തരവും കണക്കിലെടുത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയതിനാൽ സ്ഥിരപ്പെടുത്തുകയായിരുന്നുവെന്നാണ് ബെവ്കോ വിശദീകരണം. 
 
ഈ പോസ്റ്റുകൾ പിഎസ്‍സിക്ക് വിട്ടിരുന്നു എങ്കില്‍ അതെല്ലാം ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ളതായിരുന്നു. രാവും പകലുമില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികളെ കാഴ്ചക്കാരാക്കിയാണ് വളഞ്ഞ വഴിയിലൂടെയുള്ള 426 പേരെ  സ്ഥിരപ്പെടുത്തിയത്.

വിഡിയോ കാണാം...

 

click me!