
കോഴിക്കോട്: ലോകത്താകെ രജിസ്റ്റര്‍ ചെയ്ത 43 ദശലക്ഷം രക്തമൂലകോശ ദാതാക്കളില്‍ നിന്നും ജനിതകസാമ്യം കണ്ടെത്തിയില്ല. ഒടുവില്‍ കോഴിക്കോട് കായക്കൊടി സ്വദേശിയായ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍
നാട്ടുകാരുടെ ജനകീയശ്രമം. കായക്കൊടി സ്വദേശി അര്‍ജുന്റെ ചികില്‍സയ്ക്കുള്ള രക്തമൂലകോശദാതാവിനെ കണ്ടെത്താന്‍ കുറ്റ്യാടി സ്കൂളിൽ ക്യാമ്പ് പുരോഗമിക്കുകയാണ്.
അപൂര്‍വ രക്തജന്യരോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കായക്കൊടി സ്വദേശി അര്‍ജുനിന് രക്തമൂലകോശം മാറ്റിവെക്കലാണ് നിര്‍ദേശിച്ചിരിക്കുന്ന ചികില്‍സ. സഹോദരിയുടെ പകുതി ജനിതകസാമ്യമുള്ള രക്തമൂലകോശങ്ങള്‍ ഉപയോഗിച്ച് ചികില്‍സ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
ലോകത്ത് ലോകാരോഗ്യ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ബ്ലഡ് സ്റ്റെല്‍ ഡോണര്‍ രജിസ്റ്ററിയുണ്ട്.
ഇന്ത്യയിലെ സന്നദ്ധ സംഘടനയായ ദാത്രി ബ്ലഡ് സ്റ്റെല്‍ രജിസ്റ്ററിയാണ് കുറ്റ്യാടി സ്കൂളില്‍ വലിയ ജനകീയ പങ്കാളിത്തത്തോടെ അര്‍ജുനുവേണ്ടി ക്യാമ്പ് നടത്തുന്നത്. കുടുംബത്തില്‍ നിന്നും ദാതാവിനെ കണ്ടെത്താനുള്ള സാധ്യത 25ശതമാനം മാത്രമാണ്.
പുറമേ നിന്നും കണ്ടെത്താനുള്ള സാധ്യത ഇരുപത് ലക്ഷത്തില്‍ ഒന്നും. കുടുംബത്തില്‍ നിന്നും ഒരു രോഗിക്ക് സാമ്യമായ രക്തമൂലകോശം കിട്ടിയില്ലെങ്കില്‍ ലോകം മുഴുവന്‍ അന്വേഷിക്കേണ്ടി വരും. രക്തദാനം പോലെ സുരക്ഷിതവും ലളിതവുമാണ് രക്തമൂലകോശദാനം. സാമ്പിള്‍ നടത്തി വിവരങ്ങള്‍ രജിസ്റ്ററിയില്‍ സൂക്ഷിക്കും. സാമ്യതയുണ്ടെങ്കില്‍ ദാതാവിന്റെ സമ്മതപ്രകാരം മാത്രം ദാനപ്രക്രിയകളിലേക്ക് പോകും.