ആശ്വാസമായി ഉത്തരവ്, 'എല്ലാ മാസവും 10-ാം തീയതിക്ക് മുമ്പ് മക്കൾ 10000 മാതാപിതാക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കണം'

Published : Feb 02, 2025, 02:24 PM ISTUpdated : Feb 02, 2025, 02:41 PM IST
ആശ്വാസമായി ഉത്തരവ്, 'എല്ലാ മാസവും 10-ാം തീയതിക്ക് മുമ്പ് മക്കൾ 10000 മാതാപിതാക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കണം'

Synopsis

മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കൾ മൂന്നു പേരും തുല്യമായി നൽകി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്.

തിരുവനന്തപുരം : വർക്കല അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ നിന്നും ഇറക്കി വിട്ട മകളടക്കം മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് സബ് കളക്ടറുടെ ഉത്തരവ്. മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കൾ മൂന്നു പേരും തുല്യമായി നൽകി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽ തുടർന്ന് അവരുടെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. സബ് കളക്ടറുടെ ഉത്തരവിന്‍റെ പകർപ്പ് മാതാപിതാക്കൾക്ക് കൈമാറി. ഇന്നലെ പൊലീസ് കേസെടുത്തതിന് പിന്നാലെ മകൾ വീടിന്‍റെ താക്കോൽ മാതാപിതാക്കൾക്ക് കൈമാറിയിരുന്നു. മന്ത്രി ആർ ബിന്ദുവിന്റെ അടക്കം ഇടപെടലോടെയാണ് വീടിന്‍റെ താക്കോൽ മകൾ തിരിച്ച് നൽകിയത്. 

കഴിഞ്ഞ ദിവസം വൈകിട്ടാണ് വർക്കല അയിരൂരിൽ സദാശിവൻ (79 ), ഭാര്യ സുഷമ്മ (73)എന്നിവരെ മകൾ സിജി വീടിന് പുറത്താക്കി വാതിൽ അടച്ചത്. പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മകൾ തയ്യാറായിരുന്നില്ല. പിന്നാലെ അർബുദരോഗിയായ സദാശിവൻ്റേയും ഭാര്യ സുഷമ്മയുടെയും ആശുപത്രി രേഖകളും മരുന്നു കവറുകളും ജനൽ വഴി മകൾ പുറത്തേക്കിടുകയായിരുന്നു. അച്ഛനെയും അമ്മയെയും ഏറ്റെടുക്കാൻ സമീപത്ത് താമസിക്കുന്ന മകൻ സാജനും തയ്യാറായില്ല  തുടർന്ന് പൊലീസ് മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇവർ മറ്റൊരു ബന്ധുവിന്‍റെ വീട്ടിലേക്ക് മാറി.

വൃദ്ധരായ മാതാപിതാക്കളുടെ പരാതിയിൻമേൽ മകൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും, സ്വത്തു തട്ടിയെടുക്കാൻ ശ്രമിച്ചതിനും, വഞ്ചന കുറ്റത്തിനുമാണ് അയിരൂർ പൊലീസ് മകൾ സിജിക്കും, ഭർത്താവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ വിഷയത്തിൽ അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും ആർഡിഒയ്ക്കും നിർദ്ദേശം നൽകി. 

കൊടും ക്രൂരതയിൽ പൊലീസ് കേസിന് പിന്നാലെ വഴങ്ങി മകള്‍; വൃദ്ധ ദമ്പതികള്‍ക്ക് വീടിന്‍റെ താക്കോൽ തിരിച്ചു നൽകി

കേസെടുത്തതിന് പിന്നാലെയാണ് വൃദ്ധ ദമ്പതികൾക്ക് വീടിൻറെ താക്കോൽ  തിരികെ ലഭിച്ചത്. മകൾ സിജി സഹോദരൻ സാജനെ ഏല്പിച്ച താക്കോൽ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. ഇവർ വീട്ടിലെത്തുന്നതിന് മുൻപ് തന്നെ മകളും കുടുംബവും വീട്ടിൽ നിന്ന് മാറിയിരുന്നു. സ്വത്ത് തർക്കത്തിന്റെ പേരിൽ നേരത്തെയും അച്ചനെയും അമ്മയെയും സിജി വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. 

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ