
പാലക്കാട്: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി ഉൽപ്പാദന രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പവർകട്ടും ലോഡ്ഷെഡ്ഡിങ്ങും ഇല്ലാതെയാണ് കഴിഞ്ഞ 5 വർഷങ്ങൾ കടന്നു പോയത്. കഴിഞ്ഞ 15 വർഷമായി മുടങ്ങിക്കിടന്ന പല ജല വൈദ്യുത പദ്ധതികളും ഇക്കാലത്ത് നടപ്പാക്കി. ആദ്യമായി പകൽ സമയത്ത് വൈദ്യുതി ചാർജ് 10 ശതമാനം കുറച്ചത് ഈ സർക്കാരിന്റെ കാലത്താണ്. 16 മെഗാവാട്ടിൽ നിന്ന് 2200 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുരപ്പുറ സോളാർ നടപ്പിലാക്കിയ ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. സോളാറും ബാറ്ററിയും വക്കുന്ന വീടുകളിൽ ഇപ്പോൾ വൈദ്യുതി ഫ്രീ ആയി ഉപയോഗിക്കാമെന്നും മന്ത്രി പറയുന്നു.
പിഎം കുസുമം പദ്ധതിയിലൂടെ കൃഷിക്കാർക്ക് 60 ശതമാനം സബ്സിഡിയിൽ നൽകുന്നുണ്ട്. ഇത് സ്ഥാപിച്ച് കഴിഞ്ഞാൽ 5 ഏക്കറുള്ള കൃഷിക്കാരന് 2000 രൂപ ഇലക്ട്രിസിറ്റി ചാർജ് ഇളവും കൂടാതെ 8 മാസത്തിന് ശേഷം 14,000 രൂപ ഇങ്ങോട്ട് കിട്ടുമെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തിലെ കരിമണലിലുള്ള തോറിയം ഉപയോഗിച്ചാൽ ഇതിലുമെത്രയോ ലാഭത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാം. ഇന്ത്യക്ക് മുഴുവൻ വൈദ്യുതി വികസിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ട്. ഇത് ഉപയോഗപ്പെടുത്താൻ ശ്രമിച്ചാൽ പരിഹസിക്കാൻ ഒരുപാട് ആളുണ്ടാകുമെന്നും പദ്ധതിയുടെ പരീക്ഷണങ്ങണങ്ങൾ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സോളാർ, ഹൈഡൽ പ്രൊജക്ടുകൾ വികസിപ്പിച്ചത് തുടങ്ങിയവയാണ് പവർകട്ടില്ലാത്ത കേരളത്തെ പടുത്തുയർത്താൻ സഹായിച്ചത്. ചെറിയ ചെലവിൽ ഇലക്ട്രിസിറ്റി മേടിക്കാൻ സൗകര്യവും ഇക്കാലത്തുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യസത്തിൽ 60 കോടി രൂപയാണ് 5 വർഷത്തിനുള്ളിൽ തന്റെ മണ്ഡലമായ ചിറ്റൂരിൽ ചെലവിട്ടിട്ടുള്ളത്. ടെക്നിക്കൽ വിദ്യാഭ്യാസത്തിന് 17 കോടി, ഉന്നത വിദ്യാഭ്യാസത്തിന് 60 കടി, ആരോഗ്യത്തിന് 103 കോടി 5 ലക്ഷം രൂപ, ജലസേചനത്തിന് 953 കോടി രൂപ, കുടിവെള്ളത്തിന് 434 കോടി രൂപ തുടങ്ങി ചെലവാക്കിയ തുകകളും മന്ത്രി കെ കൃഷ്ണൻ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇനിയുണ്ടാകുമോയെന്ന ചോദ്യത്തിന് ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് മന്ത്രി നൽകിയത്. യുവാക്കൾക്ക് വളരാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണമെന്നും ലീഡർഷിപ്പിൽ നിന്നും വഴിമാറിക്കൊണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. മത്സരിക്കാൻ ഒരുപാട് പേർ നിർബന്ധിക്കുന്നുണ്ട്. എന്നാൽ ഒഴിവാകണമെന്നാണ് ആഗ്രഹം. എന്നാൽ താൻ ഒരു ദിവസം പോലും വെറുതെ ഇരിക്കുന്ന ആൾ അല്ലെന്നും പൊതുപ്രവർത്തന രംഗത്തുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിൻഗാമിയാരെന്ന ചോദ്യത്തിന് നന്നായി വർക്ക് ചെയ്യുന്ന ഒരാളായിരിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വക്കീൽ മുരുകദാസ്, മഹേഷ് എന്നിവർ നന്നായി പണിയെടുക്കുന്നവരാണെന്നും സ്ഥാനത്തേക്ക് വരാൻ യോഗ്യരാണെന്നും മന്ത്രി പറഞ്ഞു. ചിറ്റൂരിൽ ഇവരെയൊന്നും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇവരെല്ലാം തന്റെ കൂടെ എപ്പോഴും നിൽക്കുന്നവരാണ്. അവെര ചിറ്റൂരിലെ ജനങ്ങൾ സ്വീകരിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam