
തിരുവനന്തപുരം: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെ കഴുത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു. തിരുവനന്തപുരം അതിയന്നൂർ മരുതംകോട് സ്വദേശി 50 വയസ് പ്രായമുണ്ടായിരുന്ന വിജയകുമാരിയാണ് മരിച്ചത്. അയൽവാസികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
നാല് ദിവസത്തോളം മരണത്തോട് മല്ലടിച്ചാണ് വിജയകുമാരി മരണമടഞ്ഞത്. ജീവൻ രക്ഷിക്കാൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തീവ്രമായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒക്ടോബർ ഒൻപതിനായിരുന്നു വിജയകുമാരിക്ക് അയൽവാസികളായ യുവാക്കളിൽ നിന്ന് കുത്തേറ്റത്. വാക്കുതർക്കത്തെ തുടർന്ന് അനീഷ്, നിഖിൽ എന്നിവരാണ് ആക്രമണം നടത്തിയത്. റബ്ബർ കമ്പ് കൊണ്ട് വിജയകുമാരിയുടെ കഴുത്തിലാണ് പ്രതികൾ കുത്തിയത്.
കുത്തേറ്റ് വീണ വിജയകുമാരിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അത്യാസന്ന നിലയിലായതിനാൽ ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്. കേസിൽ പ്രതികളായ രണ്ട് യുവാക്കളെയും സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെ വധശ്രമ കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാൽ വിജയകുമാരി മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും. പ്രതികളിപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam