
തിരുവനന്തപുരം: കരമനയിൽ 55 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കരമന പള്ളിത്താനം സ്വദേശിയായ ശ്രീകണ്ഠൻ നായരെയാണ് ബുധനാഴ്‌ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്‌ച രാവിലെ രൂപക്കാണ് ശ്രീകണ്ഠൻ നായരുടെ മരണവിവരം അയൽവാസികളെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് പോലീസെത്തുകയും ഇൻക്വസ്റ്റ് നടപടികൾ നടത്തുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി കണ്ടെത്തിയതോടെ ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒപ്പം താമസിച്ചിരുന്ന രൂപക്കിനെ കാണാനില്ലെന്ന് വ്യക്തമായത്. പൊലീസ് സംഘം നടത്തിയ തിരച്ചിലിൽ, കിഴക്കേകോട്ട ഭാഗത്ത് നിന്നും രൂപക്കിനെ കസ്റ്റഡിയിലെടുത്തു. ഒന്നര മാസമായി ശ്രീകണ്ഠൻ നായരുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രതിയായ രൂപക്. പ്രതി വാങ്ങിവെച്ചിരുന്ന മദ്യം ഇയാൾ കഴിച്ചതാണ് തർക്കത്തിന് കാരണം. പിന്നാലെ മദ്യപിക്കുന്നതിനിടെ ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടർന്ന് വാക്കേറ്റമുണ്ടായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam