
പത്തനംതിട്ട: അടൂർ പന്നിവിഴയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ഓഗസ്റ്റ് 30-ന് വൈകിട്ടോടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ഒമ്നി വാനിലെത്തിയ ആറിലധികം വരുന്ന സംഘം ബലപ്രയോഗത്തിലൂടെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. തുടർന്ന് ബോധം കെടുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞുവെന്നാണ് കുട്ടിയുടെ മൊഴി.
റോഡരികിൽ പരിഭ്രാന്തനായി കാണപ്പെട്ട കുട്ടിയെ കണ്ട പ്രദേശവാസി കാര്യമന്വേഷിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ ഇയാൾ കുട്ടിയുടെ വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വാഹനം കണ്ടതായി നാട്ടുകാരിൽ ചിലരും വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സുരക്ഷ മുൻനിർത്തി പ്രദേശത്ത് കൂടുതൽ സിസിടിവി ക്യാമറകളും സ്ട്രീറ്റ് ലൈറ്റുകളും അടിയന്തരമായി സ്ഥാപിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam