
എറണാകുളം: തങ്ങള്‍ക്ക് രണ്ടാം ജന്മം നല്‍കിയ ഡോക്ടര്‍ക്ക് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചതിന്‍റെ സന്തോഷം പങ്കുവയ്ക്കാനായി താമര മാലയുമായി അവര്‍ എത്തി. ലിസി ആശുപത്രിയില്‍ വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ശ്രുതി ശശി, ഡിനോയ് തോമസ്, ഗിരീഷ്കുമാര്‍, മാത്യു അച്ചാടന്‍, സണ്ണി തോമസ്, ജിതേഷിന്‍റെ പിതാവ് ജയദേവന്‍ എന്നിവരാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്ത നേരിട്ട് കണ്ട് അഭിനന്ദിക്കുന്നതിനായി ലിസി ആശുപത്രിയില്‍ എത്തിയത്.
വരുന്ന വിവരം നേരത്തെ അറിയിക്കാതെയാണ് അവര്‍ ഒരുമിച്ചെത്തിയത്. ഇന്ത്യയില്‍ ആദ്യമായി രണ്ടാമതും ഹൃദയം മാറ്റിവച്ച ഗിരീഷ് കുമാറാണ് ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തത്. പെട്ടെന്ന് തയ്യാറാക്കിയ പദ്ധതിയായതുകൊണ്ട് എല്ലാവര്‍ക്കും എത്തിച്ചേരുവാന്‍ സാധിച്ചില്ല. അപ്രതീക്ഷിതമായി കടന്നുവന്ന അതിഥികളെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം സന്തോഷത്തോടെ സ്വീകരിച്ചു.
തന്നെ കാണാന്‍ എത്തിയവര്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സ്വന്തമായി ജോലി ചെയ്തു മുന്നോട്ടു പോകുന്നതില്‍ വലിയ സന്തോഷമെന്ന് ഡോക്ടര്‍ പറഞ്ഞു. അവരുടെ ആത്മവിശ്വാസത്തിനുള്ള അംഗീകാരം കൂടിയാണ് തനിക്ക് ലഭിച്ച ബഹുമതിയെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ കഴുത്തില്‍ അണിയിച്ച താമരമാലയും ഇട്ട് മധുരം പങ്കുവച്ച ശേഷമാണ് ഡോക്ടര്‍ അടുത്ത ഓപ്പറേഷനിലേക്ക് കടന്നത്. ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, ജോ. ഡയറക്ടർമാരായ ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. ഡേവിസ് പടന്നയ്ക്കൽ, ഫാ. ജറ്റോ തോട്ടുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam