KSRTC Swift : കെഎസ്ആ‍ര്‍ടിസി സ്വിഫ്റ്റിന് പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയുടെ വരുമാനം

By Web TeamFirst Published Apr 21, 2022, 6:21 PM IST
Highlights

കോഴിക്കോട് - ബെംഗളൂരു റൂട്ടിലെ കെഎസ്ആർടിസി ബസ് പിന്‍വലിച്ച് കെ സ്വിഫ്റ്റ് ബസ് മാത്രം ഓടിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി തൊഴിലാളി യൂണിയനുകൾ

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും കെ സ്വിഫ്റ്റ് (Best Collection For KSRTC Swift)  മികച്ച വരുമാനവുമായ് കുതിക്കുന്നു. 30  ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് തുടങ്ങിയതെങ്കിലും ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപ വരുമാനം നേടി. പുതിയ ബസ്സുകളും റൂട്ടും ലഭിക്കുന്നതോടെ വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം കെഎസ്ആര്‍ടിയുടെ റൂട്ടുകള്‍ കെ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ യൂണിയനുകള്‍ രംഗത്തെത്തി.

ഉദ്ഘാടന സര്‍വ്വീസ് മുതല്‍ ഇതുവരെ ഒരു ഡസനോളം ചെറിയ അപകടങ്ങള്‍. പുത്തന്‍ ബസ്സുകള്‍ക്ക് പലതിനും ഇതിൽ കേടുപാടുകൾ പറ്റി. പരിചയക്കുറവുള്ള താത്കാലിക  ജീവനക്കാരെ നിയമിച്ചുവെന്നുള്ള ആക്ഷേപം. ഇതിനെല്ലാമിടയിലും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് യാത്രക്കാരെ ആകര്‍ഷിച്ച് മുന്നേറുകയാണ്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസ്സുകളില്‍ 100 എണ്ണത്തിന്‍റെ രജിസ്ട്രേഷന്‍ ഇതിനകം പൂര്‍ത്തിയായി. റൂട്ടും പെര്‍മിറ്റും ലഭിച്ച് 30 ബസ്സുകളാണ് ഇതുവരെ സര്‍വീസിനിറങ്ങിയത്.

ഈ മാസം പതിനൊന്നിനാരംഭിച്ച കെ സ്വിഫ്റ്റ് 10 ദിവസം പിന്നിടുമ്പോള്‍ 61 ലക്ഷം രൂപ വരുമാനം നേടി കഴിഞ്ഞു. പ്രതിദിനം ശരാശരി 6 ലക്ഷം രൂപയിലധികം വരുമാനമാണ് കമ്പനിക്കുള്ളത്. എട്ട് എസി സ്ളീപ്പര്‍ ബസ്സുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഇരുപത്തിയെട്ട് ലക്ഷത്തി നാലായിരത്തി നാനൂറ്റിമൂന്ന് രൂപ. പെര്‍മിറ്റ് ലഭിക്കുന്നതിനുസരിച്ച് 100 ബസ്സുകളും ഉടന്‍ സര്‍വ്വീസിനിറക്കും. ഇതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കിഫ്ബി സഹായത്തോടെ 310 സിഎന്‍ജി ബസ്സുകളും 50 ഇലക്ട്രിക് ബസ്സുകളും ഉടന്‍ കെ സ്വിഫ്റ്റിന്‍റെ ഭാഗമാകും. 

അതേ സമയം കെ സ്വിഫ്റ്റ്, കെഎസ്ആര്‍ടിസിയുടെ വരുമാനം കവരുകയാണെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളാണ് കെ സ്വിഫ്റ്റിലേക്ക് മാറ്റുന്നത്. കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്ക് സ‍ര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്ടിസി ബസ്സ് പിന്‍വലിച്ച് കെ സ്വിഫ്ററിന് കൈമാറിയതിനെതിരെ ബിഎംഎസ് യൂണിയനില്‍ പെട്ട് ജീവനക്കാര്‍ കോഴിക്കോട്ട് ബസ്സ് തടഞ്ഞ് പ്രതിഷേധിച്ചു

click me!