Latest Videos

നവംബര്‍ 1; 63 ാം പിറന്നാള്‍ നിറവില്‍ മലയാള നാട്

By Web TeamFirst Published Nov 1, 2019, 7:17 AM IST
Highlights

പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന് കീഴില്‍ വന്നത്, 1956 നവംബര്‍ ഒന്നിനാണ്

ഐക്യകേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്ത് ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28നായിരുന്നു

തിരുവന്തപുരം: കേരളം രൂപീകൃതമായിട്ട് ഇന്ന് 63 വർഷം പൂർത്തിയാകുന്നു. പഴയ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍പ്രദേശങ്ങള്‍ഒത്തു ചേര്‍ന്നാണ് മലയാളികളുടെ ഐക്യസംസ്ഥാനം രൂപംകൊണ്ടത്. 1956 നവംബർ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം പുറത്തുവന്നത്.

ഐക്യകേരളത്തിന് വേണ്ടി ദീര്‍ഘകാലം മലയാളികൾ ശബ്ദമുയര്‍ത്തിയിരുന്നു. അതോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പോരാട്ടങ്ങള്‍ അരങ്ങേറി. അവയുടെയല്ലാം വിജയം കൂടിയായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം.

പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലിൽ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഐതിഹ്യം. ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്റെ ഒരു ഭാഗം ഉയര്‍ന്നു വന്നിട്ടാണ്. കേരളം എന്ന പേരിനുമുണ്ടു പല കഥകൾ. കേരളം എന്നാല്‍കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല തെങ്ങുകൾ ധാരാളമായി ഉണ്ടായതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. 

ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നെന്നും വാദമുണ്ട്. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന് കീഴില്‍ വന്നത്, 1956 നവംബര്‍ ഒന്നിനാണ്. ആ കാത്തിരിപ്പിന്റെ സഫലതയാണ് മലയാളികള്‍ നവംബർ ഒന്നിന് ആഘോഷിക്കുന്നത്. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തിൽ മൊത്തം അഞ്ചു ജില്ലകളാണ് ഉണ്ടായിരുന്നത്. 

തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ഐക്യകേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്ത് ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28നായിരുന്നു. ഇഎംഎസ് മുഖ്യമന്ത്രിയായുള്ള ലോകത്തെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാർ അധികാരത്തിലേറിയത് എക്കാലത്തെയും ചരിത്രം.

ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന ഈ കൊച്ചുപ്രദേശം 63 വര്‍ഷങ്ങള്‍ക്കിപ്പുറം പല രംഗങ്ങളിലും രാജ്യത്തിനഭിമായി. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ഭൂപരിഷ്‌കരണം തുടങ്ങി നിരവധി രംഗങ്ങളിൽ രാജ്യത്തിന് തന്നെ മാതൃകയായി ഒന്നാമതെത്താൻ സംസ്ഥാനത്തിന് സാധിച്ചു.

click me!