
കൊച്ചി: കളമശ്ശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട എറണാകുളം സ്വദേശിയായ 65കാരൻ ഹൃദയാഘാതം മൂലം മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശിയായ മുരളീധരനാണ് ഹൃദയാഘാതം മൂലം മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങളോടെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു മരണം സംഭവിച്ചത്. സാമ്പിൾ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. വീട്ടിൽ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിരുന്നു.
ജില്ലയില്‍ പുതിയതായി 42 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിൽ നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 672 ആയി. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 512 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് പട്ടികയിൽ നിന്ന് ഒഴിവാക്കി.
അതേ സമയം രണ്ട് പേരെ കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 35 ആയി. ഇതിൽ 19 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും, നാല് പേർ ആലുവ ജില്ലാ ആശുപത്രിയിലും, 10 പേർ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്. 42 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. 30 പേരുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചപ്പോള്‍ പോസിറ്റീവ് കേസുകള്‍ ഒന്നുമില്ല. ഇനി 65 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.
കേരളത്തിൽ കുടുങ്ങിക്കിടന്ന 189 മാലിദ്വീപ് പൗരൻമാർ മടങ്ങി. അവിടെ നിന്ന് കൊച്ചിയിലെത്തിയ പ്രത്യേക വിമാനത്തിലാണ് മടക്കം. വിനോദ സഞ്ചാരത്തിനും ചികിത്സയ്ക്കുമായി എത്തിയതായിരുന്നു ഭൂരിപക്ഷവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam