മാഹിയിലും കൊവിഡ് 19 സ്ഥിരീകരണം; രോഗബാധ യുഎഇയിൽ നിന്നെത്തിയ സ്ത്രീക്ക്

By Web TeamFirst Published Mar 17, 2020, 4:02 PM IST
Highlights

യുഎഇയിൽ നിന്ന് ആഴ്ചകൾക്ക് മുൻപ് മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്

കണ്ണൂർ: കൊവിഡ് ബാധയെ പ്രതിരോധിക്കാൻ തീവ്രശ്രമം തുടരുന്ന കേരളത്തിന് വെല്ലുവിളിയായി മാഹിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. പുതുച്ചേരി ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് മാഹി.

യുഎഇയിൽ നിന്ന് ആഴ്ചകൾക്ക് മുൻപ് മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. ഇവർ മാഹി സർക്കാർ ആശുപത്രിയിൽ ആണുള്ളത്.

കണ്ണൂർ ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 26 ആയി. ആറ് പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 17 പേര്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലും മൂന്നു പേർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണുള്ളത്. 821 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 108 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 95 എണ്ണം നെഗറ്റീവുമാണ്. 12എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

അതിനിടെ കൊവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം മൂന്നായി. 64കാരനാണ് ഇന്ന് മരിച്ചത്. മുംബൈയിലെ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിന് പിന്നാലെ യുപിയിലെ നോയിഡയിലും രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!