സിപിഎം വിട്ട് ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണക്കുന്നതിൽ കോണ്‍ഗ്രസിൽ ചര്‍ച്ച ആരംഭിച്ചു. അമ്പലപ്പുഴയിൽ യുഡിഎഫ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാത്തതും ആകാംക്ഷ വര്‍ധിപ്പിക്കുകയാണ്.

തിരുവനന്തപുരം: സിപിഎം വിട്ട് ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണക്കുന്നതിൽ കോണ്‍ഗ്രസിൽ ചര്‍ച്ച ആരംഭിച്ചു. അമ്പലപ്പുഴയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമടക്കം വിലയിരുത്തും. സ്ഥിതിഗതികള്‍ വിലയിരുത്തിയും സുധാകരന്‍റെ നീക്കവും നോക്കികൊണ്ടായിരിക്കും അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുന്ന ജി സുധാകരനെ പിന്തുണക്കുന്നതിൽ കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുക്കുക. അമ്പലപ്പുഴയിൽ യുഡിഎഫ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. സാധ്യതാ പട്ടികയിലടക്കം അമ്പലപ്പുഴയിൽ ആര് മത്സരിക്കുമെന്ന തീരുമാനമായിട്ടില്ല. ഇതും ആകാംക്ഷ വര്‍ധിപ്പിക്കുകയാണ്. ഇന്ന് വിളിച്ചുചേര്‍ത്ത നിര്‍ണായക വാര്‍ത്താസമ്മേളനത്തിലാണ് ജി സുധാകരൻ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം, ജി സുധാകരന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സിപിഎമ്മിനെതിരെ പ്രധാന ആയുധമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള നേതാവിന് സിപിഎമ്മിൽ രക്ഷയില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം.

തന്നെക്കുറിച്ച് വിവിധ വാർത്തകൾ പുറത്തുവരുന്നുവെന്നും താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ജി സുധാകരൻ വാർത്താ സമ്മേളനത്തിന്‍റെ ആദ്യഘട്ടത്തിൽ വ്യക്തമാക്കിയെങ്കിലും ഏറ്റവും ഒടുവിലായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന നിലപാട് വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം മാധ്യമങ്ങളോട് വിശദീകരിച്ച ജി സുധാകരൻ ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും കൂട്ടിച്ചേർത്തുിരുന്നു. 

മൂന്നാം പിണറായി സർക്കാർ വരും എന്നല്ല പിണറായി മുഖ്യമന്ത്രി ആയാൽ സന്തോഷമെന്നും ജി സുധാകരൻ പ്രതികരിച്ചു. പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും ഒന്നും പ്രതികരിക്കാതെയാണ് ജി സുധാകരൻ മത്സരരംഗത്തേക്ക് വരുന്നതെന്നതാണ് ശ്രദ്ധേയം. ഇനിയും അനുനയ നീക്കത്തിനുള്ള സാധ്യതയും ഇതിലൂടെ തള്ളികളയാനാകില്ല. താൻ കാരണം ഇനി പാര്‍ട്ടിക്ക് തലവേദനയില്ലെന്നും പാര്‍ട്ടിയെ നന്നാക്കാൻ താൻ ആളല്ലെന്നും ജി സുധാകരൻ പറഞ്ഞു. പാര്‍ട്ടി വിട്ടാൽ സുധാകരൻ വെറും ഷൂ എന്ന എംഎം മണിയുടെ പരാമര്‍ശത്തിലും സുധാകരൻ മറുപടി നൽകി. എം എം മണി ഇടുക്കിയിലെ ഷൂ ആണെന്ന് സുധാകരൻ തിരിച്ചടിച്ചു.

YouTube video player