
മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് നൈജീരിയൻ സ്വദേശികൾ അറസ്റ്റിൽ. നൈജീരിയക്കാരായ യുവതിയും യുവാവുമാണ് ദില്ലിയിൽ പിടിയിലായത്. നാല് അക്കൗണ്ടുകളിൽ നിന്നായി ഓൺലൈനായി 70 ലക്ഷം രൂപ തട്ടിയ കേസിലാണ് നൈജീരിയൻ സ്വദേശികളായ ഇക്കെന്ന കോസ്മോസ്, ഇമ്മാക്കുലേറ്റ് ചിന്നസ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈബർ പൊലീസും മലപ്പുറം ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മൊബൈൽ ബാങ്കിംഗ് സെർവർ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ് എന്ന് വ്യക്തമായിട്ടുണ്ട്. ഉപഭോക്താക്കളുടെ നമ്പർ മാറ്റി പകരം മറ്റൊരു നമ്പർ നൽകിയായിരുന്നു തട്ടിപ്പ്. നഷ്ടമായ പണം ഉപഭോക്താക്കൾക്ക് തിരിച്ചു നൽകുമെന്ന് മഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജർ അറിയിച്ചു. ഇതിനായി റിസർവ് ബാങ്കിന് ഉടൻ അപേക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ബാങ്ക് മാനേജർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ദില്ലിയിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശികൾ പിടിയിലായത്. 10 ദിവസം സംഘം ദില്ലിയിൽ ക്യാമ്പ് ചെയ്തിരുന്നു. അതേസമയം സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. പണം മറ്റ് ചിലർക്ക് കൈമാറിയതായി നൈജീരിയൻ സ്വദേശികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്കിന് സാങ്കേതിക സഹായം നൽകിയ കമ്പനിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നൈജീരിയൻ സംഘം നേരത്തെയും പല തവണ തട്ടിപ്പു നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സഹകരണ ബാങ്കിന്റെ സർവർ ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam