കോഴിക്കോട് മെഡി. കോളേജ് സുരക്ഷ ജീവനക്കാരെ മർദിച്ച കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

By Web TeamFirst Published Sep 6, 2022, 11:34 AM IST
Highlights

കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ കെ അരുണ്‍, രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷ ജീവനക്കാരെ മർദിച്ച കേസിൽ നാല് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പ്രതിചേർക്കപ്പെട്ട അരുൺ, രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങും എന്നാണ് വിവരം.

അതിനിടെ, കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ കെ അരുണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ആരോഗ്യവകുപ്പിന് കീഴിലെ കരാര്‍ ജീവനക്കാരനാണ് കെ അരുണ്‍ എന്ന വിവരമാണ് പുറത്ത് വരുന്നത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കീഴിലെ വെയര്‍ഹൗസിലെ പായ്ക്കിംഗ് വിഭാഗത്തിലായിരുന്നു അരുണിന്‍റെ ജോലി. എന്നാല്‍ മാസങ്ങളായി അരുണ്‍ ജോലിക്ക് വരാറില്ലെന്നാണ് മാനേജരുടെ വിശദീകരണം.

Also Read:  'ആരോഗ്യമന്ത്രി മിണ്ടുന്നില്ല, മന്ത്രിയുടെ നിലപാട് എന്താണ്' ? ചോദ്യമുയർത്തി കോൺഗ്രസ്

ഇക്കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ ഗുണ്ടാവിളയാട്ടം നടത്തിയത്. മെഡിക്കല്‍ കോളജിന്‍റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ച സംഘത്തിലെ പ്രധാനി ആരോഗ്യ വകുപ്പിന് കീഴില്‍ ശമ്പളം വാങ്ങിയിരുന്ന വ്യക്തിയെന്ന കാര്യമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒന്നാം പ്രതിയും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ കെ അരുണ്‍ ആരോഗ്യ വകുപ്പിന് കീഴില്‍ മെഡി കേരള മെഡിക്കൽ സർവീസ് കോർപറേഷൻ നടുവണ്ണൂർ സംഭരണ ശാലയിലെ പാക്കിംഗ് ജീവനക്കാരനായി വര്‍ഷങ്ങളായി ജോലി ചെയ്തു വന്ന വ്യക്തിയാണ്. 

എന്നാല്‍ ആറ് മാസമായി അരുൺ ജോലിക്ക് വരുന്നില്ലെന്നാണ് മാനേജരുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ പട്ടികയില്‍ നിന്ന് അരുണിന്‍റെ പേര് നീക്കിയിട്ടില്ലെന്നും മാനേജര്‍ വ്യക്തമാക്കി. അതേസമയം, സംഭവം നടന്ന് ഏഴ് ദിവസമായിട്ടും കോഴിക്കോട് സിറ്റി പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ല.

click me!