
ഇടുക്കി: 70 വയസ്സു കഴിഞ്ഞ ഒരു വീട്ടമ്മ 13,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ നിന്നും ചാടിയാൽ എങ്ങനെ ഇരിക്കും. അങ്ങനെ വിജയകരമായി സ്കൈ ഡൈവിങ് നടത്തിയ ഇടുക്കി കൊന്നത്തടിക്കാരിയായ ലീല ജോസിനെ പരിചയപ്പെടാം.മകനും കുടുംബവും ജോലി ചെയ്യുന്ന ദുബൈയിലെ പാംജുമൈറയിൽ വച്ചാണ് ലീല സ്കൈ ഡൈവിങ് നടത്തിയത്.
"വിമാനത്തിൽ നിന്ന് ചാടും എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അറിയില്ലല്ലോ. ചാടിയാൽ എങ്ങനെയിരിക്കും എന്ന് മനസ്സിലുണ്ടായിരുന്നു. മകനോട് ചോദിച്ചു. അതെന്നാ അമ്മച്ചി ചോദിച്ചെ, ചാടാൻ ആഗ്രഹമുണ്ടോ, ധൈര്യമുണ്ടോയെന്ന് മകൻ ചോദിച്ചു. അപ്പോൾ തന്നെ അവൻ ഫോണെടുത്ത് വിളിച്ചു. മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സെലക്ടഡായി എന്നും പറഞ്ഞ് തിരിച്ചുവിളിച്ചു. മകനാണ് ചാടുന്നത് എന്നാ എവിടെ വന്നവരെല്ലാം കരുതിയത്. ഞാനാണ് ചാടുന്നെ എന്നറിഞ്ഞപ്പോൾ എല്ലാവർക്കും അത്ഭുതമായി. ഓകെയാണോ എന്ന് ചോദിച്ചു.
ചെറിയ വിമാനമാണ്. 15 പേർക്ക് ഇരിക്കാൻ പറ്റുന്ന വിമാനം. അധികവും പിള്ളേരായിരുന്നു. അവർ എന്നെയും ഞാൻ അവരെയും ചമ്മലോടെ നോക്കി. ആദ്യം നാല് പിള്ളേർ ചാടി. അഞ്ചാമത് ഞാൻ ചാടാനായിട്ട് വന്നു. മുകളിലേക്ക് നോക്കിയാലും താഴേക്ക് നോക്കിയാലും ആകാശം. ഒന്നും കാണില്ലല്ലോ. പതുക്കെ ഇരുന്ന് ഒരു സൈഡിലേക്ക് ചരിഞ്ഞാ ചാടുന്നെ. സിഗ്നൽ കിട്ടിയതോടെ പിന്നെ ഒന്നും നോക്കിയില്ല. ചാടി. രണ്ട് തകിടം മറിച്ചിലിൽ ഇങ്ങെത്തി. അങ്ങനെ ആ ആഗ്രഹം സാധിച്ചെടുത്തു"- ലീല പറഞ്ഞു. ബഹിരാകാശത്ത് പോകണം എന്നതാണ് അടുത്ത ആഗ്രഹമെന്ന് ലീല പറഞ്ഞു. സ്പോണ്‍സർമാരെ കിട്ടിയാൽ ആ ആഗ്രഹവും സാധിക്കും എന്നാണ് ലീല പറയുന്നത്.