
കൊച്ചി: പാവപ്പെട്ടവർക്കുള്ള റേഷൻ ആനുകൂല്യം അനർഹമായി കൈപ്പറ്റിയവർക്കെതിരെ സിവിൽ സപ്ലൈസ് വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു. സർക്കാർ ഉദ്യോഗസ്ഥരടക്കം 7142 പേരുടെ മുൻഗണനാ റേഷൻ കാർഡുകൾ ജില്ലയിൽ നിന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇവരുടെ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുകയും അനർഹമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ വിലയായ 2.09 കോടി രൂപ ഈടാക്കി സർക്കാരിലേക്ക് അടവാക്കുകയും ചെയ്തു. 2021 മേയ് മുതൽ 2025 ഡിസംബർ വരെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി.
സർക്കാർ–അർധ സർക്കാർ–സഹകരണ സംഘം ജീവനക്കാർ, 1000 ചതുരശ്ര അടിക്ക് മുകളിലുള്ള വീട് ഉള്ളവർ, നാല് ചക്ര വാഹനമുള്ളവർ, ഒരു ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ എന്നിവർ ഉൾപ്പെടെ അനർഹർ പട്ടികയിൽ ഉൾപ്പെട്ടു. ഈ കാലയളവിൽ മുൻഗണനേതര വിഭാഗത്തിൽ നിന്ന് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ലഭിച്ച അപേക്ഷകളിൽ അർഹരായവരെ പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിലേക്കും എ.എ.വൈ. (മഞ്ഞ) വിഭാഗത്തിലേക്കും ഉൾപ്പെടുത്തി. മുൻഗണനാ കാർഡിന് അർഹരായവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.
1000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുള്ളവരും നാലുചക്ര വാഹനം ഇല്ലാത്തവരും ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഇല്ലാത്തവരും ആദായ നികുതി അടയ്ക്കാത്തവരും സർക്കാർ–അർധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ഇല്ലാത്തവരുമായിരിക്കണം അപേക്ഷകർ. മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വെച്ചിട്ടുള്ളവർ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ കാർഡുമായി ഹാജരായി തരം മാറ്റം നടത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തുടർന്നും കർശന പരിശോധനകൾ തുടരുമെന്നും അറിയിച്ചു. മുൻഗണനാ (പിങ്ക്) വിഭാഗത്തിൽ നിലവിൽ വന്ന ഒഴിവുകളിൽ ഉൾപ്പെടുത്തുന്നതിനായി അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് പൊതുജനസേവന കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുളള സമയം. ഫോൺ: 0484-2422251, 2423359, 9188527321.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam