
തിരുവനന്തപുരം: സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരനോടാണ് പ്രിൻസിപ്പൽ ക്രൂരമായ വിവേചനം കാണിച്ചത്. കുടുംബം പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിപ്പോയി എന്നാണ് മാനേജ്മെന്റ് വിശദീകരിച്ചത്. പരസ്യമായി അപമാനിച്ചതിനാൽ ഇനി കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കുന്നില്ലെന്ന് അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ ജംഗഷനിലെ വിദ്യാദിരാജ സ്കൂളിലെ ഏഴാം ക്ലാസുകാരനാണ് ഉള്ളുലയ്ക്കുന്ന ദുരനുഭവം ഉണ്ടായത്. പരീക്ഷ നടക്കുന്നതിനിടെ ഹാളിലേക്ക് കടന്നുവന്ന പ്രിൻസിപ്പൽ ജയരാജ് ആർ. സ്കൂൾ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഫീസ് അച്ഛനോടല്ലേ ചോദിക്കേണ്ടത് എന്ന കുട്ടിയുടെ നിഷ്കളങ്ക ചോദ്യമൊന്നും പ്രിൻസിപ്പലിന്റെ മനസിൽ തട്ടിയില്ല. ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ ജനറൽ സയൻസ് പരീക്ഷ തറയിലിരുത്തി എഴുതിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ കാര്യം അന്വേഷിക്കാൻ ഫോൺ വിളിച്ചപ്പോൾ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയത് എന്നായിരുന്നു പ്രിൻസിപ്പലിന്റെ പരിഹാസ മറുപടി.
കുട്ടിയുടെ കുടുംബം വിഷയം പുറത്ത് പറഞ്ഞതോടെ പ്രിൻസിപ്പലിനെ തള്ളി മാനേജ്മെന്റ് രംഗത്തെത്തി. കുട്ടിയുടെ അച്ഛനെ വിളിച്ച് വിദ്യാദിരാജ ഹയർസെക്കന്ററി സ്കൂൾ അഡ്മിനിസ്ട്രേറ്റർ, പ്രിൻസിപ്പലാണ് തെറ്റുചെയ്തെന്നും പ്രശ്നം ഒത്തുതീർക്കണമെന്നും ആവശ്യപ്പെട്ടു. കുട്ടിയെ പരസ്യമായി അപമാനിച്ചതിനാൽ ഇനി ഈ സ്കൂളിൽ കുട്ടിയെ പഠിപ്പിക്കുന്നില്ലെന്ന് അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടിയുടെ കുടുംബം ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam